ന്യൂഡൽഹി: ജന്തർമന്ദിറിൽ സിജെപി നടത്തിവരുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മിന്നൽ പ്രതിഷേധ പ്രകടനം. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ കേരളത്തിൽനിന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി പി.സി. വിഷ്ണുനാഥ് അടക്കമുള്ള നേതാക്കളും എംപിമാരും പങ്കെടുത്തു. പിന്നാലെ സമരത്തിൽ പങ്കെടുത്ത നേതാക്കൾ അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മന്ത്രി പി.സി. വിഷ്ണുനാഥും കസ്റ്റഡിയിൽ എടുത്ത നേതാക്കളിൽ ഉൾപ്പെടുന്നു.
ഇന്ന് ഉച്ചകഴിഞ്ഞ് ഡൽഹിയിലെ മല്ലികാർജുൻ ഖർഗെയുടെ വസതിക്കു മുൻപിൽനിന്നുമാണ് കോൺഗ്രസ് പ്രതിഷേധ സമരം ആരംഭിച്ചത്. ഒരു കിലോമീറ്റർ അകലെയുള്ള അതീവ സുരക്ഷാമേഖലയായ പ്രധാനമന്ത്രിയുടെ വസതി ലക്ഷ്യമാക്കി അപ്രതീക്ഷിതമായിരുന്നു കോൺഗ്രസിന്റെ നീക്കം.
മിന്നൽ സമരത്തിനെത്തിയ നേതാക്കളെ അടക്കമുള്ളവരെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് സ്ഥലത്തുനിന്ന് നീക്കിയത്. ഇതോടെ പോലീസ് നടപടികളെ ചോദ്യം ചെയ്ത് എംപിമാരടക്കം രംഗത്തെത്തുകയായിരുന്നു. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ തറയിലൂടെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിൽ കയറ്റിയത്. ഇതോടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിലത്തിരുന്ന് പ്രതിഷേധിച്ചു. മുഴുവൻ എംപിമാരെയും അണിനിരത്തിയായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം. ഇവർക്ക് പിന്തുണയുമായിട്ടാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കമുള്ള മുതിർന്ന നേതാക്കൾ എത്തിയത്. പകുതിയോളം എംപിമാരെ നിലവിൽ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷ് എം.പിയേയും കസ്റ്റഡിയിൽ എടുത്തു.
പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജിവയ്ക്കണമെന്നാണ് കോൺഗ്രസ് ആവശ്യം. കഴിഞ്ഞ ദിവസം വിദ്യാർഥികൾ അടക്കമുള്ള പ്രതിഷേധക്കാരെ പോലീസ് ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് അപ്രതീക്ഷിത സമരത്തിനു എത്തിയത്.

















































