കോഴിക്കോട്: വിദ്വേഷപ്രസംഗം നടത്തിയതിന്, കലാപ ആഹ്വാനത്തിന് അടുത്തിടെ കേസെടുത്ത ആർഎസ്എസ് നേതാവും കേസരി പത്രാധിപരുമായ എൻആർ മധു വീണ്ടും വിദ്വേഷ പരാമർശവുമായി രംഗത്ത്. ലോകത്ത് നടക്കുന്ന എല്ലാ കൂട്ടക്കൊലകളുടെ പിന്നിലും ഇസ്‌ലാം എന്ന മതത്തിന്റെ പേരുണ്ടെന്നും ഭീകരാക്രമണങ്ങളിൽ കണ്ടെടുക്കുന്ന ഗ്രന്ഥം ഖുർആനാണെന്നും എൻആർ മധു പറയുന്നു.
അതുപോലെ അഞ്ചുനേരം മൈക്ക് കെട്ടി നമസ്കരിക്കുന്നത് പരമത വിദ്വേഷമാണെന്നും അല്ലാഹുവിൽ വിശ്വസിക്കാത്തവനെ കണ്ടുമുട്ടുന്നിടത്ത് വെച്ച് കൊന്നു കളഞ്ഞാൽ സ്വർഗം ലഭിക്കുമെന്ന് ഖുർആനിൽ താൻ വായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമർശം.
‘അല്ലാഹു അല്ലാതെ ദൈവമില്ലെന്നാണ് അഞ്ച് നേരം നിസ്‌കരിക്കുമ്പോൾ പറയുന്നത്. അല്ലാഹുവിൽ വിശ്വസിക്കാത്തവനെ കാഫിർ എന്നാണ് വിളിക്കുന്നത്. കാഫിറിനെ കണ്ടുമുട്ടുന്നിടത്ത് വെച്ച് കൊന്നു കളഞ്ഞാൽ സ്വർഗം ലഭിക്കുമെന്ന് ഖുർആനിൽ ഞാൻ വായിച്ചിട്ടുണ്ട്’. കൂടാതെ എല്ലാ മതത്തെയും ഉൾക്കൊള്ളാൻ കഴിയുന്ന ലോകത്തുള്ള ഒരേ ഒരു മതമാണ് ഹിന്ദു മതമെന്നും കേരളത്തിൽ നവോത്ഥാനം ആരംഭിക്കുന്നത് ഹിന്ദു സമൂഹത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
“കേരളത്തിൽ നവോത്ഥാനം ആരംഭിക്കുന്നത് അയ്യാ വൈകുണ്ഡ സ്വാമിയിലാണ്. അയ്യങ്കാളി, നാരായണഗുരു, ചട്ടമ്പി സ്വാമികൾ ഇവരെല്ലാം ആരായിരുന്നു. ഇസ്ലാം സമൂഹത്തിലെ നവോത്ഥാന നായകരായ പത്തുപേര് പറയൂ..അല്ലെങ്കിൽ ക്രിസ്ത്യൻ സമൂഹത്തിലെ പത്തുപേര് പറയൂ.., കഴിയില്ല. നാരായാണ ഗുരുവിനെ മതേതരനാക്കാൻ പറ്റില്ല, അത് പുതിയ പ്രവണതയാണ്. നാരാണയഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞെങ്കിലും നെയ്യാറ്റിൻകയിൽ മതം മാറി പോയ ഈഴവരെ തിരികെ കൊണ്ടുവരാൻ ഗുരു നേരിട്ട് നേതൃത്വം കൊടുത്തു. വെള്ളിക്കര മത്തായിയെ വെള്ളിക്കര ചോതിയാക്കി മതം മാറ്റിയയാളാണ് അയ്യങ്കാളി.”- എന്നും എൻആർ മധു പറയുന്നു.
അതുപോലെ ഫലസ്തീൻ പതാക പുതച്ച് കൊണ്ട് പ്രകടനങ്ങൾ ആരംഭിച്ചപ്പോഴാണ് റാപ്പർ വേടന് സ്വീകാര്യത ലഭിച്ചതെന്ന വാദവും അദ്ദേഹം ആവർത്തിച്ചു. തൃശൂർ ജില്ലയിൽ നിരവധി നാടൻപാട്ട് കലാകാരന്മാരുണ്ടെന്നും അവരിൽ 99 ശതമാനവും ദലിത്- പിന്നോക്ക വിഭാഗക്കാരാണെന്നും എൻ.ആർ. മധു പറഞ്ഞു. ഇവരുടെ കൂടെ പാടി വളർന്ന വേടൻ ഫലസ്തീൻ പതാക പുതച്ചുകൊണ്ട് പ്രകടനം ആരംഭിച്ചപ്പോഴാണ് അദ്ദേഹത്തിന് സ്വീകാര്യത ലഭിച്ചതെന്നും എൻആർ മധു ആരോപിച്ചു.
മേയ് 11ന് കിഴക്കേക്കല്ലട പുതിയിടത്ത് ശ്രീപാർവതി ദേവീക്ഷേത്ര പുനഃപ്രതിഷ്‌ഠാ ചടങ്ങിലായിരുന്നു മധുവിൻറെ വിദ്വേഷ പ്രസംഗം. ‘ഇന്ന് ഈ നവോത്ഥാനം ചില സ്ഥലങ്ങളിലെങ്കിലും വഴിപിഴച്ചുപോകുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഒരു അമ്പലപ്പറമ്പിൽ വേടൻറെ ആട്ടവും പാട്ടും കൂത്തും ഉണ്ടായിരുന്നു എന്നാണ് ഞാൻ അറിഞ്ഞത്. ആള് കൂടാൻ വേണ്ടി വേടൻറെ പാട്ടുവെക്കാൻ തയാറാകുന്നവർ ഒരുപക്ഷേ ആള് കൂടാൻ വേണ്ടീട്ട് കാബറെ ഡാൻസും നമ്മുടെ അമ്പലപ്പറമ്പിൽ വെക്കും. വേടനോട് എനിക്ക് വ്യക്തിപരമായി വിരോധമൊന്നുമില്ല. പക്ഷേ വേടൻറെ പാട്ട് ജാതി ഭീകരവാദം പ്രചരിപ്പിക്കുന്ന വിഘടനവാദം പ്രചരിപ്പിക്കുന്ന സാഹിത്യത്തെ വളർന്നുവരുന്ന തലമുറയുടെ മനസ്സിലേക്ക് വിഷം കുത്തിവെക്കുന്ന കാലാഭാസമായി അരങ്ങുവാഴുകയാണ്.
വേടൻ എന്ന കലാകാരൻറെ പിന്നിൽ ശക്തമായ സ്പോൺസർ ശക്തികളുണ്ട്. സൂക്ഷ്മമായി പഠിച്ചാൽ അത് ഈ രാജ്യത്തിൻറെ വിഘടനം സ്വപ്നം കണ്ട് കഴിയുന്ന തമോമയ ശക്തികൾ അയാളുടെ പിന്നിലുണ്ട് എന്ന് കൃത്യമാണ്. അത്തരം കാലാഭാസങ്ങൾ നമ്മുടെ നാലമ്പലങ്ങളിലേക്ക് കടന്നുവരുന്നതിനെ ചെറുത്ത് തോൽപിക്കാൻ നമുക്ക് കഴിയേണ്ടതാണ്….’ -എന്നായിരുന്നു വേടനെതിരെ നടത്തിയ എൻആർ മധുവിൻറെ വിവാദ പ്രസംഗം.