തിരുവനന്തപുരം: ഉസ്ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയുടെ ശരീരത്തിലുടനീളം മർദനമേറ്റ പാടുകളും ഗുരുതര മുറിവുകളും ഉണ്ടായിരുന്നുവെന്ന് കുടുംബം. കേസിൽ അറസ്റ്റിലായ മലപ്പുറം പുലാമന്തോൾ സ്വദേശി സദറുൾ അനമിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്.
പ്രതി സാവരിയയെ മതപരിവർത്തനത്തിന് നിരന്തരം സമ്മർദത്തിലാക്കിയിരുന്നുവെന്നും എന്നാൽ അതിന് യുവതി തയ്യാറായിരുന്നില്ലെന്നും കുടുംബം ആരോപിച്ചു. തുടർന്ന് സഹപാഠിയായ പ്രതി അതിക്രൂരമായി മർദിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. കാൽ മുതൽ തലവരെ ശരീരമാകെ ചതവുകളുടെയും മർദനമേറ്റതിന്റെയും പാടുകൾ ഉണ്ടായിരുന്നുവെന്നും കൊലപാതകത്തിലേക്ക് നയിച്ച യഥാർഥ കാരണം ഇതുവരെ വ്യക്തമല്ലെന്നും അവർ പറഞ്ഞു.
സാവരിയയുടെ മൃതദേഹം നാട്ടിലെത്തിച്ചതിന് പിന്നാലെ വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് ഉപയോഗിച്ച് തലക്കടിയേറ്റ് സാവരിയ കൊല്ലപ്പെട്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് ശാസ്ത്രീയ തെളിവുകളും ലഭിച്ച ശേഷമാകും മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കുക. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

















































