പൂനെ: സിംഹഗഡ് കോട്ട സന്ദർശിക്കാനെത്തിയ കുടുംബത്തെ ഷോർട്സും സ്ലീവ്‌ലെസ് വസ്ത്രങ്ങളും ധരിച്ചതിന്റെ പേരിൽ മർദിച്ചെന്ന പരാതിയിൽ വലതുപക്ഷ സംഘടനയിലെ എട്ട് പേർക്കെതിരെ പൂനെ റൂറൽ പോലീസ് കേസെടുത്തു. മൂന്ന് സ്ത്രീകളും പ്രതിപ്പട്ടികയിലുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കും വൈകിട്ട് അഞ്ച് മണിക്കും ഇടയിലാണ് സംഭവം. നാല് വ്യത്യസ്ത സംഘങ്ങളിലായി കോട്ടയിലെത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് പരാതി. ധയാരിയിലെ 39കാരനും സ്വകാര്യ സ്ഥാപനത്തിലെ മാനേജരുമായ ഒരാളാണ് ഹവേലി പൊലീസിൽ പരാതി നൽകിയത്.
പരാതിക്കാരനും കുടുംബവും കോട്ടയിൽ ഫോട്ടോ എടുക്കുന്നതിനിടെ പ്രതികൾ ഇവരെ സമീപിച്ച് ഷോർട്സ് ധരിച്ചതിനെയും ഫോട്ടോ എടുത്തതിനെയും ചോദ്യം ചെയ്തെന്നാണ് പോലീസ് പറയുന്നത്. നിങ്ങൾക്ക് ഹിന്ദു സംസ്കാരം അറിയാമോ?, നിങ്ങൾ എന്തിനാണ് ഷോർട്ട്‌സ് ധരിക്കുന്നത്?” എന്നു ചോദിച്ചുകൊണ്ട് ഇവർ കുടുംബത്തോട് കോട്ടയിൽനിന്ന് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. ഇതിനിടെ പ്രതികളിലൊരാൾ തന്നെ തല്ലുകയും ഒരു സ്ത്രീ തന്റെ ഭാര്യയെ വലിച്ചിഴയ്ക്കുകയും ചെയ്തതായി പരാതിക്കാരൻ പോലീസിനോട് പറഞ്ഞു.
ഞായറാഴ്ച കോട്ട സന്ദർശിച്ച മറ്റ് മൂന്ന് സംഘങ്ങളിൽനിന്നും സമാനമായ പരാതികൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ സമസ്ത ഹിന്ദു ബന്ധവ് ആർമിയിലെ അംഗങ്ങളാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെ (BNS) 115, 118 ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഗുരുതര ആക്രമണം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എട്ട് പ്രതികളെയും, മൂന്ന് സ്ത്രീകളുൾപ്പെടെ, പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചതായി ഹവേലി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷ് രാംഘാരെ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.






