തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സമൂഹത്തിന്റെ ഐക്യവും മതേതരത്വവും സംരക്ഷിക്കാൻ ശക്തമായ നിലപാടെടുത്ത നേതാവാണ് സുകുമാരൻ നായരെന്ന് തിരുവഞ്ചൂർ പറഞ്ഞു. വ്യക്തിപരമായ നേട്ടങ്ങൾക്കോ ലാഭത്തിനോ വേണ്ടി അദ്ദേഹം ഒരിക്കലും സ്ഥാനത്തെ ഉപയോഗിച്ചിട്ടില്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
സമുദായ താൽപര്യം മുൻനിർത്തിയാണ് സുകുമാരൻ നായർ പ്രവർത്തിച്ചിട്ടുള്ളതെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എൻഎസ്എസിന്റെ ആസ്തികൾ പലമടങ്ങ് വർധിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂർ ഫേസ്ബുക്കിൽ കുറിച്ചു. എൻഎസ്എസ് സ്ഥാപനങ്ങളുടെ നിലവാരം ഉയർത്തുന്നതിലും അദ്ദേഹം ശ്രദ്ധപതിപ്പിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.
എൻഎസ്എസിനുള്ളിലെ ഛിദ്രശക്തികളെ അകറ്റിനിർത്താനും സുകുമാരൻ നായർ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു.
അടുത്തിടെ മുൻമന്ത്രി കെ.ബി. ഗണേഷ് കുമാറും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും തമ്മിൽ രൂക്ഷമായ വാക്പോര് നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിരുവഞ്ചൂരിന്റെ ഫേസ്ബുക്ക് കുറിപ്പെന്നതും ശ്രദ്ധേയമാണ്.






