ന്യൂഡൽഹി: എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂർണമായി ആലപിച്ചതിനെച്ചൊല്ലി വിവാദം. സാധാരണയായി ഗാനത്തിന്റെ രണ്ട് ചരണങ്ങൾ മാത്രമാണ് ആലപിക്കാറുള്ളതെങ്കിലും ഇത്തവണ മുഴുവൻ ഗാനം പാടുകയായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഗാനം നിർത്താൻ ഇടപെട്ടെങ്കിലും ആലാപനം തുടർന്നു.
രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. വന്ദേമാതരം ആലപിക്കാൻ തുടങ്ങിയപ്പോൾ സോണിയാ ഗാന്ധിയും മറ്റ് നേതാക്കളും ആദ്യത്തെ രണ്ട് ചരണങ്ങൾക്കൊപ്പം ചുണ്ടനക്കിയിരുന്നു. എന്നാൽ രണ്ട് ചരണങ്ങൾ പൂർത്തിയായ ശേഷവും ഗാനം തുടരുകയായിരുന്നു.
ഇതോടെ സോണിയാ ഗാന്ധിയുടെ മുഖഭാവത്തിൽ അതൃപ്തി പ്രകടമായതായി ദൃശ്യങ്ങളിൽ കാണാം. അവർ ഖർഗെയോട് ഇക്കാര്യം സൂചിപ്പിക്കുകയും ഗാനം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. സോണിയ കൈയുയർത്തി ഗാനം നിർത്തണമെന്ന് ആവശ്യപ്പെടുന്നതും ‘സ്റ്റോപ്പ്’ എന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേസമയം, മറുവശത്ത് നിൽക്കുകയായിരുന്ന രാഹുൽ ഗാന്ധിയും സോണിയയ്ക്കും ഖർഗെയ്ക്കും നേരെ അതൃപ്തി കലർന്ന നോട്ടം നൽകുന്നതായി ദൃശ്യങ്ങളിൽ കാണാമായിരുന്നു. നേതാക്കളുടെ ഇടപെടലുകൾ തുടർന്നെങ്കിലും വന്ദേമാതരം പൂർണമായി പാടിത്തീർത്തു. തുടർന്ന് ഖർഗെ സോണിയയോട് സംസാരിച്ച് കാര്യങ്ങൾ വിശദീകരിക്കുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്.
1937 മുതൽ കോൺഗ്രസ് പിന്തുടരുന്ന രീതിക്ക് വിരുദ്ധമായാണ് എ.ഐ.സി.സി. ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതെന്നാണ് വിമർശനം. വന്ദേമാതരത്തെച്ചൊല്ലി രാജ്യത്ത് വലിയ രാഷ്ട്രീയ ചർച്ചകൾ നടക്കുന്നതിനിടെയാണ് കോൺഗ്രസ് ആസ്ഥാനത്തുണ്ടായ സംഭവം.
ചെങ്കോട്ടയിൽ നടന്ന ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാതെയാണ് കോൺഗ്രസ് നേതാക്കൾ എ.ഐ.സി.സി. ആസ്ഥാനത്തെ ചടങ്ങിൽ പങ്കെടുത്തത്. ദേശീയഗാനമായ ജനഗണമനയ്ക്ക് മുൻപ് വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശവും ഇതിനിടെ ചർച്ചയായിരുന്നു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാനങ്ങൾക്കും ഔദ്യോഗിക സ്ഥാപനങ്ങൾക്കും ഇതുസംബന്ധിച്ച് നിർദേശം നൽകിയിരുന്നു. എന്നാൽ കേരളത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്ത സ്വാതന്ത്ര്യദിനച്ചടങ്ങിൽ വന്ദേമാതരം ആലപിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് എ.ഐ.സി.സി. ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ച സംഭവം രാഷ്ട്രീയ ശ്രദ്ധ നേടുന്നത്.
വന്ദേമാതരം ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ അതിനെതിരെ കോൺഗ്രസ് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. രാജ്യത്ത് കൂടുതൽ വിഭജനം സൃഷ്ടിക്കാൻ ബിൽ കാരണമാകുമെന്നായിരുന്നു അന്ന് കോൺഗ്രസിന്റെ പ്രധാന വിമർശനം.




