ദുബായ്: സൗദി വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന യാത്രാ വിമാനങ്ങൾ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി യെമനിലെ ഹൂതി വിമതർ. യെമനിൽ ഹൂതികൾ പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ സൗദിയുടെ നേതൃത്വത്തിൽ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെയാണ് ഹൂതികളുടെ ഭീഷണി. സംഭവത്തിൽ സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതിനിടെ, രൂക്ഷമായ പോരാട്ടത്തിനൊടുവിൽ യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരമായ മോക്ക തിരിച്ചുപിടിച്ചതായി സൗദി സഖ്യസേന അറിയിച്ചു. ഒരു മാസം മുൻപാണ് ഹൂതി വിമതർ മോക്ക പിടിച്ചെടുത്തത്. മോക്കയുടെ നിയന്ത്രണം നഷ്ടമായതോടെ ചെങ്കടലിലെ നിർണായകമായ ബാബുൽ മൻദിബ് കടലിടുക്കിന്റെ നിയന്ത്രണവും ഹൂതികളുടെ കൈകളിലായിരുന്നു. ബാബുൽ മൻദിബിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള നീക്കവും സൗദി സഖ്യസേന ശക്തമാക്കിയിട്ടുണ്ട്.
2014 മുതൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സനാ തിരിച്ചുപിടിക്കാനും ശക്തമായ ആക്രമണമാണ് നടക്കുന്നത്. യെമൻ സേനയ്ക്ക് സൗദിയുടെ നൂറോളം യുദ്ധവിമാനങ്ങൾ പിന്തുണ നൽകുന്നുണ്ട്. തന്ത്രപ്രധാനമായ 324 ലക്ഷ്യങ്ങൾ തകർത്തതായി യെമൻ പ്രസിഡന്റ് റഷാദ് അൽ അലീമി അവകാശപ്പെട്ടു.
‘ഡോൺ ഓഫ് യെമൻ’ എന്ന പേരിലാണ് സൈനിക നടപടി നടത്തുന്നത്. ചെങ്കടലിലെ തന്ത്രപ്രധാന കടലിടുക്കായ ബാബുൽ മൻദിബിന് സമീപമുള്ള ദുബാബ് ജില്ല തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഹൂതികളുടെ സൈനിക കേന്ദ്രങ്ങൾക്കെതിരെ 1,122 ആക്രമണങ്ങൾ നടത്തിയതായി യെമൻ ഭരണകൂടം അറിയിച്ചു.
പീരങ്കി, റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങൾ, പ്രതിരോധ കോട്ടകൾ, സൈനിക നീക്കത്തിനുള്ള പാതകൾ, ആയുധങ്ങൾ എത്തിക്കുന്ന മാർഗങ്ങൾ, സൈനിക കമാൻഡ് കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് യെമൻ ഭരണകൂടത്തിന്റെ വിശദീകരണം.
അതിനിടെ, ഇറാന്റെ അനുമതിയില്ലാതെ ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച ഇന്ധന ടാങ്കർ റവലൂഷനറി ഗാർഡ് തടഞ്ഞ് തിരിച്ചയച്ചതായും റിപ്പോർട്ടുണ്ട്. മുന്നോട്ടുനീങ്ങിയാൽ ആക്രമിക്കുമെന്ന ആവർത്തിച്ചുള്ള മുന്നറിയിപ്പിനെ തുടർന്നാണ് കപ്പൽ തിരിച്ചുപോയത്.






