ന്യൂഡൽഹി: ചെങ്കോട്ടയിൽ തന്റെ 13-ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് വ്യത്യസ്തമായ തലപ്പാവണിഞ്ഞ്. ചുവപ്പ് നിറത്തിലുള്ള ടൈ ആൻഡ് ഡൈ തലപ്പാവാണ് ഇത്തവണ പ്രധാനമന്ത്രിയുടെ വേഷത്തിലെ ശ്രദ്ധാകേന്ദ്രമായത്. രാജസ്ഥാനിലെയും ഗുജറാത്തിലെയും പരമ്പരാഗത വസ്ത്രധാരണ ശൈലിയോട് സാമ്യമുള്ളതാണ് തലപ്പാവ്.
വെള്ള കുർത്തയ്ക്കൊപ്പം ബ്രൗൺ നിറത്തിലുള്ള വെസ്റ്റും മോദി ധരിച്ചിരുന്നു. ദേശീയപതാകയുടെ നിറങ്ങളെ ഓർമിപ്പിക്കുന്ന കാവി, വെള്ള, പച്ച നിറങ്ങളിലുള്ള പോക്കറ്റ് സ്‌ക്വയറും വേഷത്തിന് മാറ്റുകൂട്ടി.
രാജസ്ഥാനിലെ പ്രശസ്തമായ തയ്യൽ, ഡൈയിങ് തുണിത്തര കലയാണ് ബന്ദേജ്. വ്യത്യസ്ത നിറങ്ങളിൽ മുക്കുന്നതിന് മുമ്പ് തുണിയുടെ ചെറിയ ഭാഗങ്ങൾ നൂലുപയോഗിച്ച് കെട്ടിവയ്ക്കുന്നതാണ് ഇതിന്റെ പ്രത്യേകത. നൂലുകൾ അഴിച്ചുമാറ്റുമ്പോൾ തുണിയിൽ മനോഹരമായ പുള്ളികളും വ്യത്യസ്ത പാറ്റേണുകളും തെളിയും. ചുവപ്പ്, മഞ്ഞ, പച്ച, നീല, കാവി തുടങ്ങിയ നിറങ്ങളാണ് പരമ്പരാഗത ബന്ദേജ് ഡിസൈനുകളിൽ കൂടുതലായി ഉപയോഗിക്കുന്നത്.
വർഷങ്ങളായി സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ധരിക്കുന്ന വസ്ത്രധാരണം ചെങ്കോട്ടയിലെ പ്രസംഗത്തിനൊപ്പം തന്നെ ശ്രദ്ധ നേടാറുണ്ട്. ഓരോ വർഷവും വ്യത്യസ്തമായ തലപ്പാവുകളും പരമ്പരാഗത വസ്ത്രശൈലികളുമാണ് മോദി തിരഞ്ഞെടുക്കാറുള്ളത്.
2025ൽ കാവി തലപ്പാവിനൊപ്പം വെള്ള കുർത്ത-ചൂരിദാർ സെറ്റും കാവി ബന്ദ്ഗള ജാക്കറ്റും ത്രിവർണ സ്റ്റോളുമായിരുന്നു മോദിയുടെ വേഷം. 2024ൽ വെള്ള കുർത്ത-ചൂരിദാറിനും ഇളം നീല ബന്ദ്ഗള ജാക്കറ്റിനുമൊപ്പം രാജസ്ഥാനി ലെഹരിയ പ്രിന്റ് തലപ്പാവാണ് ധരിച്ചത്.
2023ൽ മഞ്ഞ, പച്ച, ചുവപ്പ് നിറങ്ങളിലുള്ള ബന്ദഹാനി പ്രിന്റ് തലപ്പാവും കറുത്ത വി-നെക്ക് ജാക്കറ്റുമായിരുന്നു. 2022ൽ ചുവപ്പ് രൂപങ്ങളും നീളുന്ന വാലുമുള്ള കാവി തലപ്പാവും നീല ജാക്കറ്റും തിരഞ്ഞെടുത്തു. 2021ൽ ക്രീമും കാവിയും കലർന്ന തലപ്പാവിനൊപ്പം ഹാഫ് സ്ലീവ് കുർത്തയായിരുന്നു വേഷം.
കോവിഡ് കാലമായിരുന്ന 2020ൽ കാവി കരകളുള്ള വെള്ള സ്‌കാർഫ് മുഖത്ത് ധരിച്ചിരുന്നു. അതുതന്നെ മാസ്‌കായും ഉപയോഗിച്ചു. 2019ൽ ഓറഞ്ചും പച്ചയും കലർന്ന രാജസ്ഥാനി ശൈലിയിലുള്ള തലപ്പാവും 2018ൽ ചുവപ്പും കാവിയും ചേർന്ന തലപ്പാവുമാണ് മോദി ധരിച്ചത്.
2017ൽ മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങൾ ചേർന്ന തലപ്പാവും 2016ൽ നീളമുള്ള വാലോടുകൂടിയ പിങ്ക്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ടൈ ആൻഡ് ഡൈ തലപ്പാവുമായിരുന്നു. 2015ൽ ചുവപ്പ്, പച്ച, പിങ്ക് നിറങ്ങളോട് ചേർന്ന മഞ്ഞ തലപ്പാവിനൊപ്പം ത്രിവർണ പോക്കറ്റ് സ്‌ക്വയറും ധരിച്ചിരുന്നു.
പ്രധാനമന്ത്രിയായുള്ള ആദ്യ സ്വാതന്ത്ര്യദിന പ്രസംഗമായ 2014ൽ പച്ചനിറത്തിലുള്ള വാലോടുകൂടിയ തിളക്കമുള്ള ചുവപ്പ് ജോധ്പൂരി ബന്ദേജ് സാഫയായിരുന്നു മോദിയുടെ തിരഞ്ഞെടുപ്പ്. ഓരോ സ്വാതന്ത്ര്യദിനത്തിലും വസ്ത്രത്തിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പാരമ്പര്യങ്ങളെ അവതരിപ്പിക്കുന്ന രീതിയാണ് പ്രധാനമന്ത്രിയുടെ വേഷങ്ങളിൽ ശ്രദ്ധേയമാകുന്നത്.




