തിരുവനന്തപുരം: ബസിൽ യാത്ര ചെയ്യവേ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മുൻ മന്ത്രി വി. ശിവൻകുട്ടിയുടെ മുൻ ഗൺമാൻ പ്രജീഷ് എസ്. നായർക്ക് സസ്പെൻഷൻ. തിരുവനന്തപുരം സ്പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽ ജോലി ചെയ്യുന്ന പ്രജീഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതി ഇരുന്ന സീറ്റിന്റെ തൊട്ടുപിന്നിലിരുന്ന പ്രജീഷ്, സീറ്റിന്റെ വശത്തുകൂടി കൈയിട്ട് യുവതിയുടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് ആരോപണം. യുവതി സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് തലത്തിൽ അന്വേഷണം നടത്തിയത്. എസ്എപി അസിസ്റ്റന്റ് കമാൻഡിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രജീഷിന്റെ ഭാഗത്ത് ഗുരുതരമായ പെരുമാറ്റദൂഷ്യം ഉണ്ടായതായി കണ്ടെത്തി. ഇയാളുടെ നടപടി പൊലീസിന്റെ അന്തസ്സിന് നിരക്കാത്തതാണെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സസ്പെൻഷൻ നടപടി സ്വീകരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, സംഭവത്തിൽ യുവതി ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്നാണ് വിവരം. കൂടാതെ പ്രജീഷ് ആരോപണം നിഷേധിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. യുവതിയുടെ പരാതി ലഭിക്കുന്നതടക്കമുള്ള നിയമവശങ്ങൾ പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് സാധ്യത.




