കൊച്ചി: പ്രസവത്തിനായി ആശുപത്രിയിലെത്തിയ ഗർഭിണിക്ക് കൃത്യ സമയത്തിന് ചികിത്സ ലഭിക്കാതെ വന്നതോടെ നവജാതശിശുവിൻറെ ജീവൻ അപകടത്തിലായെന്നും തുടർന്ന് കുഞ്ഞിൻറെ വലതുകൈയുടെ ചലനം നഷ്ടപ്പെട്ടെന്നും പരാതിയുമായി കുട്ടിയുടെ കുടുംബം. കൊച്ചി എടവനക്കാട് സ്വദേശി നവനീത് ഷാജിയാണ് ഭാര്യയുടെയും കുഞ്ഞിൻറെയും ചികിത്സയിലെ അനാസ്ഥ ആരോപിച്ച് എറണാകുളം ജനറൽ ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെടുന്നു.
2026 ഓഗസ്റ്റ് 31 നാണ് എടവനക്കാട് സ്വദേശിയായ നവനീത് ഷാജി ഗർഭാവസ്ഥയിലുള്ള ഭാര്യ ആതിരയുമായി എറണാകുളം ജനറൽ ആശുപത്രിയിലെത്തുന്നത്. സെപ്റ്റംബർ 16 നാണ് പ്രസവ തീയതി എന്നറിയിച്ചുകൊണ്ട് ഗൈനക്കോളജിസ്റ്റായ ലത സുബ്രഹ്മണ്യൻ ഇവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പിന്നീട് സെപ്റ്റംബർ മൂന്നിന് തന്നെ നോർമൽ ഡെലിവറിക്കായി ആതിരയെ ലേബർ റൂമിൽ പ്രവേശിപ്പിച്ചുവെന്നും തുടർന്നാണ് ഗുരുതരമായ അനാസ്ഥയുണ്ടായതെന്നും കുടുംബത്തിൻറെ പരാതിയിൽ പറയുന്നു.
ആതിരയ്ക്ക് വേദന തുടങ്ങിയപ്പോൾ പ്രധാന ഡോക്ടർ ലത സ്ഥലംവിട്ടെന്നും അവർ പോയി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഭാര്യയുടെയും കുഞ്ഞിൻ്റെയും നില ഗുരുതരമാണെന്ന് തന്നെ അറിയിച്ചെന്നും ഭർത്താവ് പറയുന്നു. എത്രയും പെട്ടെന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കാനും ആവശ്യപ്പെട്ടു. അവിടെ നിന്ന് അവിടുന്ന് ഒരു ഡോക്ടറും നേഴ്സും കൂടെ വരികയും ചെയ്തെന്നു നവനീത് ഷാജി പറഞ്ഞു.
ജനറൽ ആശുപത്രിയിൽ നിന്നും കളമശേരി മെഡിക്കൽ കോളേജിലെത്തിച്ചപ്പോൾ അവിുടത്തെ ഡോക്ടറുമാർ ഏറെ ശ്രമകരമായാണ് തുടർചികിത്സ സാധ്യമാക്കിയത്. പ്രസവാനന്തരം ആതിര സുഖം പ്രാപിച്ചുവെങ്കിലും കുഞ്ഞിൻറെ ആരോഗ്യനില വഷളായി എന്നും കുടുംബം പറയുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇവർ ജില്ലാ കലക്ടറെയും ആരോഗ്യമന്ത്രിയെയും ഏറ്റവുമൊടുവിൽ മുഖ്യമന്ത്രി വി.ഡി സതീശനെയും സമീപിച്ചു. അതേസമയം, ആശുപത്രിക്കോ, ഡോക്ടർക്കോ വീഴ്ച പറ്റിയതായി പ്രാഥമികമായി കണ്ടെത്താനായിട്ടില്ലെന്നും ചികിത്സയിൽ അനാസ്ഥയുണ്ടായോ എന്നത് സംബന്ധിച്ച് പരിശോധിച്ചുവരികയാണെന്നുമാണ് ഡി.എം.ഒ ഉൾപ്പടെയുള്ള അധികൃതർ പറയുന്നു.





