തിരുവനന്തപുരം: വാടക ഹെലികോപ്റ്ററിന് ചിപ്സൺ ഏവിയേഷൻ കമ്പനിയുമായുള്ള കരാർ പുതുക്കില്ലെന്ന് സംസ്ഥാന സർക്കാർ. ലോകായുക്തയിലാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സർക്കാർ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി മലപ്പുറത്തേക്ക് ഹെലികോപ്റ്ററിൽ പോയത് വ്യക്തിപരമായ ആവശ്യങ്ങൾക്കല്ലെന്നും കെ.എം. ഷാജഹാൻ നൽകിയ ഹർജിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസ് നവംബർ മൂന്നിലേക്ക് മാറ്റി.
അതേസമയം മുഖ്യമന്ത്രിക്കെതിരായ മറ്റൊരു ഹർജി ലോകായുക്ത തള്ളി. വാടക ഹെലികോപ്റ്റർ ഉപയോഗവുമായി ബന്ധപ്പെട്ട് ഇടതുസർക്കാരിന്റെ കാലത്ത് വലിയ വിവാദങ്ങളാണ് ഉയർന്നിരുന്നത്. ആദ്യം പവൻ ഹൻസുമായും പിന്നീട് ചിപ്സൺ ഏവിയേഷൻ കമ്പനിയുമായുമായിരുന്നു സർക്കാർ കരാർ.
നിലവിൽ പ്രതിമാസം 25 മണിക്കൂർ പറക്കലിന് 80 ലക്ഷം രൂപയാണ് ഹെലികോപ്റ്ററിന്റെ വാടക. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതവും നൽകണം. ഹെലികോപ്റ്റർ ഉപയോഗിച്ചാലും ഇല്ലെങ്കിലും പ്രതിമാസ വാടക നൽകണമെന്ന വ്യവസ്ഥയും കരാറിലുണ്ട്. വാടക ഹെലികോപ്റ്റർ സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയാണെന്ന ആരോപണം യുഡിഎഫ് നേരത്തെ ഉയർത്തിയിരുന്നു.
സർക്കാർ മാറിയ ശേഷവും നേരത്തെ ഹെലികോപ്റ്റർ ഉപയോഗത്തിനെതിരെ വിമർശനം ഉന്നയിച്ച മുഖ്യമന്ത്രി തന്നെ ഹെലികോപ്റ്ററിൽ യാത്ര ചെയ്തതും രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. നിലവിലെ കരാർ കാലാവധി അവസാനിച്ചപ്പോൾ കരാർ പുതുക്കണമെന്ന ശുപാർശ ഡിജിപി മുന്നോട്ടുവച്ചിരുന്നു. വീണ്ടും ടെൻഡർ നടപടികളിലേക്ക് പോയാൽ ചെലവ് വർധിക്കുമെന്നതിനാൽ നിലവിലെ കരാർ തുടരുന്നതാണ് ഉചിതമെന്നായിരുന്നു ശുപാർശ.
എന്നാൽ കരാർ കാലാവധി അവസാനിച്ചതോടെ ആവശ്യാനുസരണം മണിക്കൂറിന് നാല് ലക്ഷം രൂപ നിരക്കിൽ ഹെലികോപ്റ്റർ നൽകാമെന്ന നിർദേശമാണ് ചിപ്സൺ ഏവിയേഷൻ കമ്പനി മുന്നോട്ടുവച്ചത്. ഇതിനിടെയാണ് നിലവിലെ കരാർ പുതുക്കേണ്ടതില്ലെന്ന സർക്കാർ നിലപാട് ലോകായുക്തയിൽ വ്യക്തമാക്കിയിരിക്കുന്നത്.





