തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ തെരുവുനായയുടെ ആക്രമണത്തിൽ ദർശനത്തിനെത്തിയ രണ്ടുപേർക്ക് കടിയേറ്റു. നായയെ പിടികൂടാൻ ശ്രമിച്ച നാല് ക്ഷേത്ര ജീവനക്കാർക്കും പരിക്കേറ്റു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം.
പടിഞ്ഞാറേനട വഴി ക്ഷേത്രത്തിനുള്ളിൽ കടന്ന തെരുവുനായയെ ജീവനക്കാർ പുറത്തേക്ക് തുരത്തുകയായിരുന്നു. വടക്കേനടയിലൂടെ പുറത്തേക്ക് ഓടിയ നായ പോസ്റ്റ് ഓഫീസിന് മുന്നിൽ ദർശനം കഴിഞ്ഞ് നിൽക്കുകയായിരുന്ന ഉത്തരേന്ത്യൻ സ്വദേശികളായ രണ്ടുപേരെ ആക്രമിച്ചു. ഇരുവർക്കും കാലിലാണ് കടിയേറ്റത്. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
നായയെ പിടികൂടുന്നതിനിടെ ക്ഷേത്ര ഗാർഡുകളായ നാല് ജീവനക്കാർക്കും പോറലേറ്റു. പിന്നീട് കിഴക്കേനടയിൽവച്ച് നായയെ പിടികൂടി നഗരസഭയ്ക്ക് കൈമാറി. ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിയുന്ന മറ്റ് തെരുവുനായ്ക്കളെയും നഗരസഭ രാവിലെ പിടികൂടി.




