ബാങ്കോക്ക്: തായ്‌ലൻഡിൽ ബാർ ബിൽ അടയ്ക്കാത്തതിനെ തുടർന്ന് 18കാരിയായ യുവതിയുടെ മുടി ബാർ ജീവനക്കാർ ബലമായി ഷേവ് ചെയ്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ബാങ്കോക്കിലെ പിങ്ക്‌ലാവോ മേഖലയിലെ ബാറിൽ ഓഗസ്റ്റ് 25നാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വലിയ ചർച്ചയായത്.
ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം, വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് പതിനെട്ടുകാരി ബാറിനുള്ളിൽ പ്രവേശിച്ചത്. ഇവിടെ നിന്ന് വയറു നിറച്ച് ഭക്ഷണവും മദ്യവും ഓർഡർ ചെയ്ത യുവതിക്ക് ഒടുവിൽ ലഭിച്ച ബിൽ തുക 60,000 തായ് ബാത്ത് ആയിരുന്നു (ഒന്നര ലക്ഷം രൂപ). എന്നാൽ തുക നൽകാതെ യുവതി അവിടെനിന്നു മുങ്ങാൻ ശ്രമിച്ചതോടെ ബാർ ജീവനക്കാർ ഇവരെ തടഞ്ഞുവച്ചു. തുടർന്ന് ജീവനക്കാർ പോലീസിനെ വിളിക്കുന്നതിന് പകരം സ്വന്തം നിലയിൽ പ്രശ്നം പരിഹരിക്കാൻ തീരുമാനിക്കുകയായിരുന്നു.
പണത്തിന് പകരമായി യുവതിയെ കൊണ്ട് മുടി വിൽക്കുന്നതിനുള്ള കരാർ ഒപ്പിടീപ്പിച്ചതായാണ് റിപ്പോർട്ട്. വെള്ള വസ്ത്രം ധരിച്ച യുവതി കരാറിന് സമ്മതിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. മുടിയുടെ നിലവിലെ വിപണി വില കണക്കിലെടുത്താണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് വീഡിയോയിൽ ഒരാൾ പറയുന്നതും കേൾക്കാം.
തുടർന്ന് ഇലക്ട്രിക് റേസർ ഉപയോഗിച്ച് യുവതിയുടെ തോളോളം നീണ്ടിരുന്ന മുടി മുഴുവൻ ഷേവ് ചെയ്യുകയായിരുന്നു. മുറിച്ചെടുത്ത മുടി വിൽക്കുകയോ സംഭാവന ചെയ്യുകയോ ചെയ്യാനായിരുന്നു ലക്ഷ്യമെന്നാണ് ബാർ ജീവനക്കാരുടെ വിശദീകരണം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതികരണമാണ് ഉയർന്നത്. യുവതി പണം നൽകാതെ പോയതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളിൽ നിന്ന് ഒഴിവാകാൻ ഈ മാർഗം സ്വീകരിച്ചതാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ബാർ ജീവനക്കാരുടെ നടപടി ആക്രമണവും നിർബന്ധിത പിരിവുമാണെന്ന് നിരവധി പേർ വിമർശിച്ചു.
ബിൽ അടയ്ക്കാത്ത സാഹചര്യത്തിൽ പോലീസിനെ സമീപിക്കാതെ ജീവനക്കാർ തന്നെ ശിക്ഷ നടപ്പാക്കിയതെന്തിനാണെന്നും വിമർശകർ ചോദിച്ചു. ബാറുകളിൽ വലിയ തുകയുടെ ബില്ലുകൾ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ മുൻകൂർ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ വാങ്ങുകയോ ഇടയ്ക്കിടെ ബിൽ തീർപ്പാക്കുകയോ ചെയ്യണമെന്ന നിർദേശങ്ങളും ഉയർന്നിട്ടുണ്ട്.
സംഭവത്തിൽ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി തായ്‌ലൻഡിലെ സാമൂഹിക വികസന-മനുഷ്യ സുരക്ഷാ മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ സമ്മതം യഥാർഥമായിരുന്നോ, മുടി ഷേവ് ചെയ്തത് ബലപ്രയോഗത്തിലൂടെയായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമെന്നാണ് റിപ്പോർട്ട്.






