ന്യൂയോർക്ക്: യുഎസിൽ കൊല്ലപ്പെട്ട മലയാളി യുവതികളിൽ ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. രണ്ടാമത്തെ യുവതിയുടെ പോസ്റ്റ്മോർട്ടം വ്യാഴാഴ്ച നടക്കും. വെള്ളിയാഴ്ചയോടെ എംബസിയിലെ നടപടികൾ പൂർത്തിയാകുമെന്നും ഈയാഴ്ച അവസാനത്തോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനായേക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കാലിഫോർണിയയിൽ തൃശൂർ മുടിക്കോട് സ്വദേശി അഞ്ജന ഹരിയും തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരി മാത്യുവും കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം താമസിച്ചിരുന്ന ഈരാറ്റുപേട്ട സ്വദേശിനി അനില ബേബി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
അഞ്ജനയെ പാർക്കിങ് ഏരിയയിലേക്ക് വിളിച്ചുവരുത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ആൻ മേരിയെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.






