തിരുവനന്തപുരം: കേരള പോലീസിനെ പതിറ്റാണ്ടുകളായി വെട്ടിച്ച് ഒളിവിൽ കഴിയുന്ന സുകുമാരക്കുറുപ്പ് മറ്റൊരു രാജ്യത്ത് വ്യാജപ്പേരിൽ ജീവിച്ചിരിപ്പുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്. ഇത്തരത്തിലുള്ള വിവരങ്ങളൊന്നും നിലവിൽ പോലീസിന്റെയോ ആഭ്യന്തര വകുപ്പിന്റെയോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് അനൗദ്യോഗിക വിശദീകരണം.
സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന നിഗമനത്തിൽ 42 വർഷം നീണ്ട അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകാനിരിക്കെയാണ് പുതിയ അവകാശവാദങ്ങൾ പുറത്തുവന്നത്. എന്നാൽ, ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളുടെ അടിസ്ഥാനമെന്താണെന്ന് പോലീസിന് വ്യക്തമായിട്ടില്ലെന്നാണ് വിവരം.
കിഴക്കൻ ഏഷ്യൻ രാജ്യമായ ബ്രൂണെയിൽ സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ഒരു സൈബർ വിദഗ്ധൻ എ.ഐ. ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രങ്ങളും ബന്ധുക്കളുടെ ഫോൺ വിവരങ്ങളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് സുകുമാരക്കുറുപ്പിനെ കണ്ടെത്തിയതെന്നായിരുന്നു റിപ്പോർട്ടുകളിലെ അവകാശവാദം. മലേഷ്യ–ബ്രൂണെ അതിർത്തിയോട് ചേർന്ന സിംപാങ് എന്ന സ്ഥലത്ത് വ്യാജപ്പേരിൽ ഇയാൾ താമസിക്കുന്നുണ്ടെന്നും നാട്ടിലുള്ള കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ, സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്നാണ് പോലീസിന്റെ നിലപാട്. ബ്രൂണെയിലെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ, പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ള വയോധികൻ തൃശ്ശൂർ സ്വദേശിയായ മറ്റൊരാളാണെന്ന സംശയവും ഉയർന്നിട്ടുണ്ട്.
അതേസമയം, പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ സംഭവത്തിൽ പോലീസ് തലത്തിൽ പരിശോധന നടത്തുമെന്നാണ് സൂചന. പ്രചരിക്കുന്ന ചിത്രങ്ങളും മറ്റ് അവകാശവാദങ്ങളും പരിശോധിച്ച ശേഷമേ ബ്രൂണെയിലുള്ളയാൾ സുകുമാരക്കുറുപ്പ് തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തത വരൂ.






