ബെയ്ജിങ്: ഹിമാലയൻ അതിർത്തിയിലെ ദുരന്തബാധിത പ്രദേശത്തിന് മുകളിലായി രൂപപ്പെട്ട ബാരിയർ തടാകത്തിൽ ജലനിരപ്പ് ഉയരുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുമെന്ന് ചൈനീസ്അധികൃതരുടെ മുന്നറിയിപ്പ്. നേപ്പാളിലെ ഛോചെൻ ഖോല, പ്യുരെപു സാങ്പോ നദികളുടെ സംഗമസ്ഥാനത്തിന് സമീപം രൂപപ്പെട്ട തടാകത്തിലെ മൺതിട്ട അടുത്ത 72 മണിക്കൂറിനുള്ളിൽ തകരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിപ്പിൽ വ്യക്തമാക്കുന്നത്. ചൈന- നേപ്പാൾ അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിൽ നൂറുകണക്കിന് ആളുകൾ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
വ്യാഴാഴ്ചയോടെ തടാകത്തിൽ ഏകദേശം 20 ലക്ഷം ഘനമീറ്റർ വെള്ളമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. തടാകം ഇതിനോടകം കരകവിഞ്ഞൊഴുകുന്ന സാഹചര്യമാണ്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഏകദേശം 30 ലക്ഷം ഘനമീറ്റർ വെള്ളം കൂടി തടാകത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് മറ്റൊരു മണ്ണിടിച്ചിലിനോ പ്രളയത്തിനോ കാരണമാകുമോ എന്ന ആശങ്കയിലാണ് അധികൃതർ. രക്ഷാപ്രവർത്തനത്തെ ബാധിക്കുന്ന രണ്ടാമത്തെ ദുരന്തം ഒഴിവാക്കുന്നതിനാണ് തടാകത്തിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.
അതേസമയം നേപ്പാൾ അതിർത്തിയോട് ചേർന്ന ടിബറ്റിൽ വൻ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ 558 പേരെ കാണാതായതായി ചൈനീസ് ഔദ്യോഗിക മാധ്യമമായ CCTV റിപ്പോർട്ട് ചെയ്തു. ടിബറ്റിലെ ഗ്യിറോങ് മേഖലയ്ക്ക് സമീപം മണ്ണും പാറയും അടങ്ങിയ വലിയ ഭാഗം ല്ഹെൻഡെ നദിയിലേക്ക് ഇടിഞ്ഞുവീണതിനെ തുടർന്നാണ് ശക്തമായ ജലപ്രവാഹമുണ്ടായത്. സംഭവത്തിൽ കുറഞ്ഞത് മൂന്ന് പേർ മരിച്ചതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിനിടെ, നേപ്പാൾ ഭാഗത്ത് ഏകദേശം 100 ചൈനീസ് പൗരന്മാരെ കാണാതായതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ അറിയിച്ചു. ടിബറ്റിൽ നിന്നുള്ള ശക്തമായ ജലപ്രവാഹം ഭോട്ടെ കോസി, ത്രിശൂലി എന്നീ നദികളിലൂടെ താഴ്ന്ന പ്രദേശങ്ങളിലേക്ക് പാഞ്ഞെത്തുകയായിരുന്നു. ഇതിനെ തുടർന്നുണ്ടായ പ്രളയത്തിൽ നേപ്പാളിൽ കുറഞ്ഞത് 177 പേർ മരിക്കുകയും നൂറുകണക്കിന് പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. നിരവധി വീടുകളും റോഡുകളും പാലങ്ങളും വൈദ്യുതി പദ്ധതികളും പ്രളയത്തിൽ ഒലിച്ചുപോയതായാണ് വിവരം.
അപകടസാധ്യതയുള്ള ടിബറ്റിലെ സമീപ ഗ്രാമങ്ങളിൽനിന്ന് ആളുകളെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പ്രളയബാധിത മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രണ്ട് ഗ്രാമവാസികളെ രക്ഷപ്പെടുത്തിയതായും CCTV റിപ്പോർട്ട് ചെയ്തു. അതേസമയം ബെയ്ജിങ്, ചെങ്ഡു എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാ-രക്ഷാപ്രവർത്തക സംഘങ്ങളെയും ചൈന ദുരന്തബാധിത മേഖലയിലേക്ക് അയച്ചിട്ടുണ്ട്. പ്രാദേശിക പോലീസിനും സായുധസേനയ്ക്കുമൊപ്പം ഇവർ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കെടുക്കും. ഗ്യിറോങ് പട്ടണത്തിലെ പ്രധാന നഗരമേഖലകളിൽ വൈദ്യുതി ബന്ധവും ആശയവിനിമയ സംവിധാനങ്ങളും പുനഃസ്ഥാപിച്ചെങ്കിലും അതിർത്തി തുറമുഖവുമായി ബന്ധപ്പെട്ട മേഖലകളിലെ വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങൾ ഇപ്പോഴും തടസ്സപ്പെട്ടിരിക്കുകയാണ്.
നേപ്പാളിലും ടിബറ്റിലും ഉണ്ടായ ദുരന്തം ഒറ്റപ്പെട്ട സംഭവമല്ലെന്ന ആശങ്കയും ശക്തമാണ്. ഹിമാലയൻ മേഖലയിലെ മഞ്ഞുപാളികളും ഹിമാനികളും കൂടുതൽ അസ്ഥിരമാകുന്നത് മിന്നൽപ്രളയങ്ങൾക്കും മണ്ണിടിച്ചിലുകൾക്കും സാധ്യത വർധിപ്പിക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കാലാവസ്ഥാ വ്യതിയാനവും ഉയരുന്ന താപനിലയും ഹിമാനി തടാകങ്ങളിൽ ജലനിരപ്പ് ഉയരാൻ കാരണമാകുന്നതോടെ, താഴ്ന്ന പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങൾക്കും റോഡുകൾ, പാലങ്ങൾ, വൈദ്യുതി പദ്ധതികൾ തുടങ്ങിയ നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ ഭീഷണിയാണ് ഉയരുന്നത്.
2025 ഓഗസ്റ്റിലും ടിബറ്റിൽ സമാനമായ ദുരന്തമുണ്ടായിരുന്നു. ഉയർന്ന താപനിലയെ തുടർന്ന് ഒരു ഹിമാനി തടാകം കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ പ്രളയത്തിൽ ഒമ്പത് പേർ മരിച്ചിരുന്നു. നേപ്പാളിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന പാലം ഉൾപ്പെടെയുള്ള പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും അന്ന് വ്യാപകമായ നാശനഷ്ടമുണ്ടായി. ഇപ്പോഴത്തെ ദുരന്തത്തിന് പിന്നാലെ പുതിയ ബാരിയർ തടാകത്തിൽ ജലനിരപ്പ് ഉയരുന്നതായുള്ള മുന്നറിയിപ്പ് കൂടി വന്നതോടെ ഹിമാലയൻ മേഖലയിൽ കൂടുതൽ ജാഗ്രതയിലാണ് ചൈനയും നേപ്പാളും.






