പെരുമ്പിലാവ്: മഹാരാഷ്ട്രയിലെ ചന്ദ്രാപുരിൽ നടന്ന ദക്ഷിണേന്ത്യൻ സിബിഎസ്ഇ. സ്കൂളുകളുടെ തായ്‌ക്വാൻഡോ മത്സരത്തിനിടെ തലയടിച്ചുവീണ വിദ്യാർഥി അപകടനില തരണം ചെയ്തു. പെരുമ്പിലാവ് അൻസാർ സ്കൂളിലെ പ്ലസ്ടു വിദ്യാർഥി മതിലകം വള്ളത്തുപടി അബ്ദുൾ ജലാലിന്റെ മകൻ ഫയാസ് അബ്ദുൾജലാലിനാണ് (17) ഗുരുതരമായി പരുക്കേറ്റത്. ഓഗസ്റ്റ് മൂന്നിനായിരുന്നു മത്സരം.
മത്സരത്തിനിടെ കുട്ടിയുടെ സ്വകാര്യഭാഗത്ത് കിക്ക് കൊണ്ടതോടെ അവശനായി മത്സരം നിർത്താൻ അടയാളം കാണിക്കുന്നതിനിടെ മുഖത്ത് ഇടിയേൽക്കുകയും തലയടിച്ചുവീഴുകയുമായിരുന്നു. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വീഴ്ചയിൽ തലയോട്ടി പൊട്ടി അകത്ത് രക്തം കട്ടപിടിച്ചതായി കണ്ടത്.
തുടർചികിത്സയ്ക്ക് അവിടെ സൗകര്യം കുറവായതിനാൽ നാഗ്പുരിൽനിന്ന് 17 ലക്ഷം രൂപ ചെലവിൽ എയർ ആംബുലൻസിൽ എത്തിച്ച വിദ്യാർഥി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. മത്സരത്തിൽ നിയമലംഘനം നടന്നതായും വേദിയിൽ മതിയായ സൗകര്യമില്ലായിരുന്നുവെന്നും വീഡിയോയിൽ വ്യക്തമാകുന്നുണ്ടെന്ന് തായ്‌ക്വാൻഡോ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ദേശീയ റഫറിയുമായ കെ.എൽ. മഹേഷ് പറയുന്നു.
സ്വകാര്യ ഭാഗത്ത് കിക്ക് ചെയ്യുന്നതു കണ്ട റഫറി എതിരാളിക്ക് ഫൗൾ വിളിച്ച് മത്സരം നിർത്തേണ്ടതായിരുന്നു. സ്കൂളിൽനിന്ന് വിദ്യാർഥിക്കൊപ്പം തായ്‌ക്വാൻഡോ പരിശീലകൻ പോകാതിരുന്നതും വീഴ്ചയാണെന്നും അദ്ദേഹം പറയുന്നു. ഫയാസിന്റെ രക്ഷിതാക്കൾ സിബിഎസ്ഇ ചെയർമാന് പരാതി നൽകി. ദുബായിലായിരുന്ന ഫയാസ് ഈ വർഷമാണ് അൻസാർ സ്കൂളിൽ ചേർന്നത്.




