തൃശൂർ: കള്ളുഷാപ്പിനുള്ളിൽവച്ച് ഷാപ്പ് മാനേജരെയും സുഹൃത്തിനെയും കള്ള് കുപ്പികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. കിഴക്കേനട സ്വദേശികളായ പെണ്ണാട്ട് വീട്ടിൽ അമൽ (28), സഹോദരൻ അക്ഷയ് (25) എന്നിവരെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തിൽ കള്ളുഷാപ്പ് മാനേജരായ പെരിങ്ങോട്ടുകര സ്വദേശി മണിലാൽ (50), സുഹൃത്ത് വടക്കുമുറി വില്ലേജ് കിഴക്കേനട സ്വദേശി ദിനേശ് (43) എന്നിവർക്ക് പരിക്കേറ്റു.
ഞായറാഴ്ച വൈകിട്ട് 4.45ഓടെയായിരുന്നു സംഭവം. കിഴക്കേനട കള്ളുഷാപ്പിലെത്തിയ അക്ഷയ്, മണിലാലിനോട് മൂത്ത കള്ള് ആവശ്യപ്പെട്ടു. എന്നാൽ മൂത്ത കള്ള് ഇല്ലെന്ന് മണിലാൽ മറുപടി നൽകിയതോടെ അക്ഷയ് അസഭ്യം പറയുകയും മണിലാലിനെ പിടിച്ചുതള്ളുകയും ചെയ്തു.
തുടർന്ന് മണിലാലും ദിനേശും ചേർന്ന് അക്ഷയിനെ ഷാപ്പിന് പുറത്തേക്ക് മാറ്റി. ഇതിന്റെ വിരോധത്തെ തുടർന്നാണ് അമലും അക്ഷയും വീണ്ടും കള്ളുഷാപ്പിനുള്ളിലേക്ക് അതിക്രമിച്ച് കയറിയത്.
ഇരുവരും ചേർന്ന് മണിലാലിനെയും ദിനേശിനെയും കള്ള് കുപ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അന്തിക്കാട് പൊലീസ് ഇരുവരെയും സംഭവസ്ഥലത്തുനിന്നുതന്നെ കസ്റ്റഡിയിലെടുത്തു.
അമലിനെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതും പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ചതും മനുഷ്യജീവന് അപകടമുണ്ടാകുന്ന രീതിയിൽ വാഹനമോടിച്ചതും ഉൾപ്പെടെ മൂന്ന് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. അക്ഷയ് മയക്കുമരുന്ന് ഉപയോഗിച്ച കേസിലും പ്രതിയാണ്.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.




