എനിക്ക് എന്റെ മൂത്ത ചേച്ചിയെ പോലെയാണ് ജാനകിയമ്മ… തെന്നിന്ത്യൻ വാനമ്പാടിയുമായുള്ള ബന്ധം ഓർത്തെടുത്ത് ശ്രീകുമാരൻ തമ്പി. താൻ എഴുതിയ ആദ്യത്തെ സിനിമാഗാനം പാടിയത് ജാനകിയമ്മയും യേശുദാസും ചേർന്നാണ്. താമരത്തോണിയിൽ താലോലമാടി താനേ തുഴഞ്ഞുവരും പെണ്ണേ…എന്ന ഗാനം. തനിക്കുവേണ്ടി ആദ്യമായി പാടാനെത്തുന്നതും കാത്ത് പാട്ട് റിഹേഴ്‌സൽ ഹാളിലിരുന്ന കാര്യവും ശ്രീകുമാരൻ തമ്പി ഓർത്തെടുത്തു. താൻ ജാനകിയമ്മയെ ആദ്യമായിട്ട് കാണുകയാണ്. അന്ന് മുതലുള്ള ബന്ധമാണ് അവരുമായിട്ട്. പിന്നീടങ്ങോട്ട് എത്രയോ പാട്ടുകൾ പാടി.
ജാനകിയമ്മയ്ക്ക് മൂന്ന് കേരള സംസ്ഥാന അവാർഡേ കിട്ടിയിട്ടുള്ളു. അതിൽ രണ്ട് അവാർഡ് കിട്ടിയത് തന്റെ പാട്ടുകൾക്കാണെന്നും അദ്ദേഹം പറഞ്ഞു. പുള്ളിമാൻ എന്ന ചിത്രത്തിലെ ആയിരം വർണങ്ങൾ വിടരും, ചന്ദ്രകാന്തത്തിലെ ആ നിമിഷത്തിന്റെ നിർവൃതിയിൽ എന്നിവയ്ക്കാണ് ആ പുരസ്‌കാരം ലഭിച്ചത്.
അതുപോലെ ഒരാഴ്ചയ്ക്ക് മുൻപ് ജാനകിയമ്മയെ കണ്ടാൽ കൊള്ളാമെന്ന് ആഗ്രഹിച്ചിരുന്നു. സാഹചര്യങ്ങൾ കൊണ്ട് മനസിലടക്കി. ഇന്ന് ഈ വാർത്ത കേട്ടപ്പോൾ വേദന തോന്നി, ജാനകിയമ്മയുടെ ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജാനകിയമ്മ ശാസ്ത്രീയ സംഗീതം പഠിച്ചിട്ടേയില്ല. ഇത് പലരും പറയുമ്പോൾ ഞാൻ വിശ്വസിച്ചില്ല. അവിശ്വസിനീയമായിരുന്നു. എന്റെ ഒരു പാട്ട് റെക്കോർഡ് ചെയ്യുമ്പോൾ ഇതേത് രാഗമാണെന്ന് ജാനകിയമ്മയോട് ചോദിച്ചപ്പോൾ എനക്ക് രാഗമൊന്നും തെരിയാത്, നാൻ സ പ സ പഠിക്കവേ ഇല്ലയേ എന്ന് ജാനകിയമ്മ പറഞ്ഞു. പൊയ് സൊല്ലാതെ എന്ന് ഞാൻ പറഞ്ഞു. ഇല്ല സർ എന്ന് ഉറപ്പിച്ച് പറഞ്ഞു…

















































