കോഴിക്കോട്: പേരാമ്പ്രയ്ക്ക് സമീപം ചാലിക്കരയിലെ ജനവാസ മേഖലയിലുള്ള വീടിനോട് ചേർന്ന പറമ്പിൽ മനുഷ്യ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കാക്കാമാക്കൂൽ മീത്തൽ കുഞ്ഞിക്കണ്ണന്റെ വീടിന് സമീപത്ത് ഇന്ന് ഉച്ചയോടെയാണ് തലയോട്ടിയടക്കമുള്ള അസ്ഥിഭാഗങ്ങൾ കണ്ടെത്തിയത്.
ആദ്യം സമീപവാസികളാണ് തലയോട്ടിയും ശരീരത്തിലെ മറ്റ് അസ്ഥിഭാഗങ്ങളും ശ്രദ്ധയിൽപ്പെട്ടത്. തലയോട്ടിയും മറ്റ് അസ്ഥികളും വ്യത്യസ്ത സ്ഥലങ്ങളിലായി ചിതറിക്കിടന്ന നിലയിലായിരുന്നുവെന്നാണ് വിവരം. അവശിഷ്ടങ്ങൾക്ക് ഏകദേശം ഒരു മാസത്തിലേറെ പഴക്കമുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുറച്ച് ദിവസങ്ങളായി കാണാതായിരുന്ന കുഞ്ഞിക്കണ്ണന്റെ ശരീരാവശിഷ്ടങ്ങളാണോ കണ്ടെത്തിയതെന്ന സംശയവും ഉയർന്നിട്ടുണ്ട്. തനിച്ചായിരുന്നു കുഞ്ഞിക്കണ്ണൻ വീട്ടിൽ താമസിച്ചിരുന്നത്. ദിവസങ്ങളായി അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
വിവരമറിഞ്ഞ് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്ഥിഭാഗങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ച് തിരിച്ചറിയൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.















































