മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന ചലച്ചിത്ര താരങ്ങളായ വിവേക് ഒബ്റോയി, ആർ. മാധവൻ എന്നിവർക്കെതിരെ രൂക്ഷമായ വിമർശനവുമായി മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെ. മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യയിൽ ‘എല്ലാം മികച്ചതാക്കി’ എന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് വിവേക് ഒബ്‌റോയിയും മാധവനും ദുബായിൽ സ്ഥിരതാമസമാക്കിയത് എന്ന് അദ്ദേഹം ചോദിച്ചു. ശനിയാഴ്ച മുംബൈയിൽ എംഎൻഎസിന്റെ വിദ്യാർത്ഥി വിഭാഗമായ മഹാരാഷ്ട്ര നവനിർമ്മാൺ വിദ്യാർത്ഥി സേന സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താരങ്ങൾ വിദേശത്ത് സ്ഥിരതാമസമാക്കുമ്പോൾ തന്നെ സർക്കാരിനെ പ്രശംസിക്കുന്ന സിനിമകളിൽ അഭിനയിക്കുന്നത് കാപട്യമാണെന്ന് അദ്ദേഹം ആരോപിച്ചു. കൂടാതെ, പ്രധാനമന്ത്രിക്കെതിരെ രാഷ്ട്രീയ പ്രതിഷേധങ്ങളിൽ ഉപയോഗിക്കുന്ന അശ്ലീല ഭാഷ തെറ്റാണെന്നും, എന്നാൽ ഇത്തരം മോശം ശൈലികൾ ആദ്യം തുടങ്ങിയത് ബിജെപിയുടെ ട്രോൾ ഗ്രൂപ്പുകളാണെന്നും അദ്ദേഹം ആക്ഷേപിച്ചു.
തന്റെ പ്രസംഗത്തിലൂടെ കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളെയും അതിനെ പിന്തുണയ്ക്കുന്നവരുടെ ഇരട്ടത്താപ്പിനെയും താക്കറെ രൂക്ഷമായി പരിഹസിച്ചു. രാജ്യത്തെ ആയിരക്കണക്കിന് വ്യവസായികൾ തങ്ങളുടെ ഭാണ്ഡം മുറുക്കി രാജ്യം വിട്ടുപോയതായും താക്കറെ ആരോപിച്ചു. ‘മോദിയെക്കുറിച്ച് സിനിമയെടുക്കുകയും അതിൽ മോദിയുടെ വേഷം അവതരിപ്പിക്കുകയും ചെയ്ത വിവേക് ഓബറോയിയും ദുബായിൽ താമസിക്കാൻ പോയി.’ 2019-ൽ പുറത്തിറങ്ങിയ ബയോപ്പിക്കിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ‘പിഎം മോദിയെ പ്രശംസിച്ച ആർ. മാധവൻ എവിടെയാണ് താമസിക്കുന്നത്? അദ്ദേഹം ദുബായിലാണ് താമസിക്കുന്നത്.
അപ്പോൾ നിങ്ങൾ ഇന്ത്യയെ അത്രയധികം സ്‌നേഹിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ പിഎം മോദിയെ സ്‌നേഹിക്കുന്നുണ്ടെങ്കിൽ, പിഎം മോദി ഇന്ത്യയെ വികസിപ്പിക്കുകയാണെന്ന് അവർ വിശ്വസിക്കുന്നുണ്ടെങ്കിൽ, പിന്നെ എന്തിനാണ് അവർ ഒരു വിദേശ രാജ്യത്ത് താമസിക്കുന്നത്? എന്തിനാണ് അവർ കുടുംബത്തോടൊപ്പം ദുബായിൽ താമസിക്കുന്നത്?’ താക്കറെ ചോദിച്ചു. ‘അവർ ഇവിടെ വരും, ‘ധുരന്ധർ’ പോലുള്ള സർക്കാർ സ്‌പോൺസർ ചെയ്ത സിനിമകളിൽ അഭിനയിക്കും, എന്നിട്ട് ദുബായിലേക്ക് തന്നെ മടങ്ങും.’ അദ്ദേഹം ആരോപിച്ചു. അതേസമയം, മകന്റെ നീന്തൽ കരിയറിന് വേണ്ടിയാണ് കോവിഡ്-19 മഹാമാരിയുടെ സമയത്ത് താൻ ദുബായിലേക്ക് മാറിയതെന്ന് ആർ. മാധവൻ നേരത്തെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. തന്റെ ബിസിനസ്സ് ആവശ്യങ്ങൾക്കായാണ് താൻ ദുബായിലേക്ക് പോയതെന്ന്് വിവേക് ഓബറോയിയും വ്യക്തമാക്കിയിട്ടുണ്ട്.
















































