തമിഴകത്ത് സമീപകാലത്തായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരമാണ് വിജയ്. രാഷ്ട്രീയ പ്രവേശനം, ‘ജനനായകൻ’ വിവാദം, കരൂർ ദുരന്തം, വിവാഹമോചന വാർത്തകൾ, മുഖ്യമന്ത്രി പദത്തിലേക്കുള്ള യാത്ര എന്നിവയടക്കം വിജയ് എന്ന വ്യക്തിയും സിനിമാതാരവും രാഷ്ട്രീയനേതാവും നിരന്തരം വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.
വിജയ്‌യുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു മക്കളായ ജേസൺ സഞ്ജയ്‌യും ദിവ്യയും എന്ത് നിലപാടാണ് സ്വീകരിക്കാൻ പോകുന്നതെന്നത്. മക്കൾ ഇരുവരും വിജയ്‌യുമായി അകലം പാലിക്കുകയാണെന്നും അമ്മ സംഗീതയ്‌ക്കൊപ്പമാണ് ഇരുവരുമെന്നുമടക്കം നിരവധി റിപ്പോർട്ടുകൾ തമിഴ് മാധ്യമങ്ങളിൽ പുറത്തുവന്നിരുന്നു.
എന്നാൽ ഇത്തരം അഭ്യൂഹങ്ങൾക്കെല്ലാം മറുപടിയാകുകയാണ് മകൻ ജേസൺ സഞ്ജയുടെ പുതിയ വാക്കുകൾ. തന്റെ പുതിയ അഭിമുഖത്തിലാണ് അച്ഛൻ വിജയുമായുള്ള ബന്ധത്തെക്കുറിച്ച് ജേസൺ സഞ്ജയ് തുറന്നുപറഞ്ഞത്.
വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായത് ചരിത്രപരമായൊരു വിപ്ലവമാണെന്നാണ് ജേസൺ സഞ്ജയ് വിശേഷിപ്പിച്ചത്. തനിക്കും അനിയത്തിക്കും കുടുംബവുമായി ബന്ധപ്പെട്ട എല്ലാവർക്കും ഇത് വലിയ ഉത്തരവാദിത്തവും ലെഗസിയുമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തമായൊരു ഐഡന്റിറ്റി ഉണ്ടാക്കണമെന്നാണ് അച്ഛൻ നൽകിയ ഉപദേശമെന്നും ജേസൺ സഞ്ജയ് കൂട്ടിച്ചേർത്തു.
സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ‘സിഗ്മ’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈൻഡ്‌വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ജേസൺ സഞ്ജയുടെ പ്രതികരണം.
കുട്ടിക്കാലം മുതൽ ഒരുപാട് സിനിമാ സെറ്റുകളിൽ പോകുമായിരുന്നുവെന്നും അത് വലിയൊരു പ്രിവിലേജും സിനിമയെ അടുത്തറിയാനുള്ള അവസരവുമായിരുന്നുവെന്നും ജേസൺ സഞ്ജയ് പറഞ്ഞു. മറ്റുള്ളവർ സിനിമയെ വിനോദമായി മാത്രം കാണുമ്പോൾ തനിക്ക് സിനിമയുടെ മേക്കിങ് ജീവിതത്തിന്റെ ഭാഗമായാണ് തോന്നിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ചരിത്രപരമായൊരു വിപ്ലവമാണ്. ഇത് എനിക്കും അനിയത്തിക്കും ഞങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട എല്ലാവർക്കും വലിയ ഉത്തരവാദിത്തവും ലെഗസിയുമാണ്. അതിനെ സംരക്ഷിക്കുകയും മുന്നോട്ട് കൊണ്ടുപോവുകയും വേണം. അതുകൊണ്ടുതന്നെ ഞാൻ സ്വയം കരുതലോടെയും ജാഗ്രതയോടെയും ഇരിക്കണം. അതാണ് ഇപ്പോഴത്തെ സാഹചര്യം,” ജേസൺ സഞ്ജയ് പറഞ്ഞു.















































