തിരുവനന്തപുരം: ഫിഫ ലോകകപ്പിനിടെ അർജന്റീനയ്ക്കും നായകൻ ലിയോണൽ മെസിക്കുമെതിരെ ഉയർന്നിരുന്ന വിവാദ ആരോപണങ്ങളെ പരോക്ഷമായി പരാമർശിക്കുന്ന തരത്തിൽ കേരള പൊലീസ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായി. ആരാധകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഒടുവിൽ പോസ്റ്റ് പിൻവലിക്കേണ്ടിവന്നു.
‘നിങ്ങൾക്ക് ഞങ്ങളുണ്ട്. അടിയന്തര സഹായങ്ങൾക്ക് വിളിക്കാം 112’ എന്ന ക്യാപ്ഷനോടെയായിരുന്നു കേരള പൊലീസ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. ഇതിനൊപ്പം റഫറിയോടൊപ്പം നിൽക്കുന്ന ലിയോണൽ മെസിയുടെ ചിത്രവും കേരളത്തെ ചേർത്തുപിടിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു. ലോകകപ്പിനിടെ അർജന്റീനയ്ക്ക് റഫറിമാരുടെ അനുകൂല്യം ലഭിക്കുന്നുവെന്ന ആരോപണത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ് എന്ന വിമർശനമാണ് ഉയർന്നത്.
പോസ്റ്റ് വൈറലായതോടെ അർജന്റീന ആരാധകർ ശക്തമായി പ്രതിഷേധവുമായി രംഗത്തെത്തി. അർജന്റീന ഫാൻസ് കേരള എന്ന കൂട്ടായ്മ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ, കേരള പൊലീസ് പോലുള്ള ഒഫീഷ്യൽ അതോറിറ്റിയിൽ നിന്ന് ഇത്തരമൊരു പോസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി.
“കൈക്കൂലിക്കാരും വിവരദോഷികളും ആയല്ല, മറിച്ച് ഞങ്ങടെ നാടിനെ മോശം അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിൽ നിന്നും, കൊള്ളരുതായ്മകളിൽ നിന്നും, വൃത്തികെട്ടവരിൽ നിന്നും, സാമൂഹിക വിരുദ്ധരിൽ നിന്നും പത്തിവിടർത്തി കാക്കാനും രക്ഷിക്കാനും കെൽപ്പുള്ളവരായിട്ടാണ് ‘അവരെ’ നമ്മൾ കാണുന്നത്. റേജ്‌ബൈറ്റിനപ്പുറം, അവരിലെ ബോധമുള്ള കളിപ്രേമികളിൽ നിന്ന് കുറച്ചുകൂടി പക്വത പ്രതീക്ഷിച്ചിരുന്നു.” അര്‍ജന്റീന ഫാന്‍സ് കേരള ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.
വിവാദം ശക്തമായതോടെ കേരള പൊലീസ് പോസ്റ്റ് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തു. എന്നാൽ സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയായതോടെ വിവിധ പ്ലാറ്റ്‌ഫോമുകളിലായി അനുകൂല-പ്രതികൂല അഭിപ്രായങ്ങൾ തുടരുകയാണ്.

















































