മുംബൈ: പുണെയിൽ ഒൻപതുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവും രണ്ടാനമ്മയും അറസ്റ്റിൽ. പുണെ സ്വദേശിയായ ശാന്താറാം ദുര്യോധൻ ചവാൻ, രണ്ടാംഭാര്യയായ ചിങ്കി ബോസ്ലെ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശാന്താറാമിന്റെ ആദ്യവിവാഹത്തിലുള്ള മകൾ അനാമികയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
ഈ വർഷത്തെ സ്‌കൂളിലെ പരീക്ഷയിൽ അനാമികയ്ക്ക് രണ്ടാം റാങ്ക് ലഭിച്ചതും ഇതിനെത്തുടർന്നുണ്ടായ സംഭവങ്ങളുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ അനാമികയ്ക്ക് രണ്ടാംറാങ്കാണ് കിട്ടിയത്. എന്നാൽ, ശാന്താറാമിന്റെ രണ്ടാംഭാര്യയിലുള്ള മകന് സ്‌കൂളിൽ ഒന്നാംറാങ്ക് കിട്ടി. തുടർന്ന്, സഹോദരനുമായി താരതമ്യം ചെയ്ത് ഒന്നാംറാങ്ക് കിട്ടാത്തതിന് പ്രതികൾ അനാമികയെ പരിഹസിച്ചു. ഇതോടെ അനാമിക സഹോദരന്റെ സ്‌കോർ കാർഡിൽ മാർക്കും റാങ്കും തിരുത്താൻ ശ്രമിച്ചു. ഇത് കുട്ടികൾക്കിടയിൽ കലഹത്തിനിടയാക്കി.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ രോഷാകുലനായ ഇയാൾ അനാമികയെ ക്രൂരമായി ആക്രമിച്ചു. പിന്നാലെ മരംമുറിക്കുന്ന യന്ത്രം ഉപയോഗിച്ച് മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൃത്യം നടത്തിയശേഷം ഇത് മറച്ചുവെയ്ക്കാനായിരുന്നു പ്രതികളുടെ ശ്രമം. ഇതിന്റെ ഭാഗമായി മൃതദേഹം കത്തിക്കാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോൾ പെൺകുട്ടിയുടെ പാതി കത്തിക്കരിഞ്ഞനിലയിലുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയ്ക്ക് അയച്ചതായും പോലീസ് അറിയിച്ചു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതും കുറ്റകൃത്യം മറച്ചുവെച്ചതിനും ശാന്താറാമിന്റെ രണ്ടാം ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു.


















































