റായ്പുർ: കഴുത്തിൽ കത്തികൊണ്ട് നിരവധി തവണ കുത്തേറ്റ് മരണവേദനയിൽ പുളയുന്നതിനിടയിലും തന്നെ ആക്രമിച്ചയാളുടെ പേര് പൊലീസിന് കൈമാറി 19-കാരി. ഛത്തീസ്ഗഡിലെ സൂരജ്പുർ ജില്ലയിൽ നടന്ന സംഭവത്തിൽ കാമുകനായ റിതേഷിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു.
നെഹ്റു പാർക്കിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പാർക്കിൽ മറ്റൊരാളുമായി സംസാരിക്കുന്നതു കണ്ടതിനെ തുടർന്ന് റിതേഷ് രാധിക രാജ്വാഡെയെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ രാധികയെ നാട്ടുകാർ ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടർന്ന് അംബികാപുർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
Related Post
ആശുപത്രിയിൽ വെച്ച് മരണമൊഴി രേഖപ്പെടുത്താൻ പൊലീസ് ശ്രമിച്ചെങ്കിലും കഴുത്തിലെ ഗുരുതര പരിക്കിനെ തുടർന്ന് രാധികയ്ക്ക് സംസാരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് പൊലീസ് നൽകിയ മൊബൈൽ ഫോണിൽ ആക്രമണകാരിയായ റിതേഷ് എന്ന പേര് ടൈപ്പ് ചെയ്ത് നൽകുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നെഹ്റു പാർക്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് നടത്തിയ തെരച്ചിലിൽ സമീപത്തെ വനമേഖലയിൽ നിന്ന് റിതേഷിനെ പിടികൂടി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.


















































