കണ്ണൂർ: കടന്നലുകൾ എന്നപേരിൽ സൈബർ ലോകത്ത് അറിയപ്പെടുന്ന സി.പി.എം പോരാളികളെ നയിച്ച, അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ ഒടുവിൽ ‘കടന്നലു’കളുടെ കൂട്ട ആക്രമണം. എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തോൽപിച്ച് തളിപ്പറമ്പിൽ സി.പി.എമ്മിന് കനത്ത തിരിച്ചടി നൽകിയ ടി.കെ. ഗോവിന്ദന് സ്വന്തം വീട്ടിൽ സ്വീകരണം നൽകിയതിന്റെ പേരിലാണ് സൈബർ ആക്രമണം.
ഇന്നലെയാണ് ടി.കെ. ഗോവിന്ദനും ഭാര്യയും കോടിയേരിയുടെ വീട്ടിലെത്തിയത്. ഇത് ആയിരക്കണക്കിന് സഖാക്കളെ പരിഹസിക്കുന്നതിന് തുല്യമാണെന്നാണ് സൈബർ ഇടങ്ങളിൽ ഉയരുന്ന വിമർശനം. തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത സഖാക്കളുടെ നെഞ്ചിൽ ചവിട്ടിയാണ് ഈ ‘നാടകം’ അരങ്ങേറിയതെന്ന് അണികൾ കുറ്റപ്പെടുത്തുന്നു. മുസ്‍ലിം ലീഗിന്റെ വോട്ട് വാങ്ങി ജയിച്ച ഒരാളെ, കമ്മ്യൂണിസ്റ്റുകാർ ഈ ജന്മം നേരെയാകില്ലെന്ന് പ്രസ്താവന നടത്തിയതിന് തൊട്ടുപിന്നാലെ കോടിയേരിയുടെ വീട്ടിൽ മടിയിൽ കയറ്റി ഇരുത്തിയത് എന്ത് ആശയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അണികൾ ചോദിക്കുന്നു.
ടി.കെ. ഗോവിന്ദൻ നടത്തിയ പുഷ്പാർച്ചന വെറും അഭിനയമാണെന്നും അതിന് ബിനീഷ് കോടിയേരി കൂട്ടുനിന്നുവെന്നും വിമർശനമുണ്ട്. കോടിയേരി ബാലകൃഷ്ണൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇത്തരം വഞ്ചകർക്കായി ആ വീടിന്റെ ഗേറ്റ് പോലും തുറക്കില്ലായിരുന്നുവെന്നാണ് പ്രവർത്തകർ പറയുന്നത്. ‘മോനെ ബിനീഷെ, പുഷ്പാർച്ചന വെറും നാടകം അതിന് കൂട്ട് നിന്ന നീയാണ് മികച്ച നടൻ’, ‘അച്ഛനായിരുന്നു എങ്കിൽ ആ ഗേറ്റ് വഞ്ചകർക്ക് മുന്നിൽ തുറക്കില്ല.. ഒന്നും പറയാനില്ല’, ‘നീയൊക്കെ ചേർന്നാണ് ഈ പാർട്ടിയെ നശിപ്പിച്ചത്. സാധാരണ പാർട്ടി അംഗങ്ങളുടെ മനസ്സിനെ വേദനിപ്പിച്ചെന്നും പ്രവര്‍ത്തകര്‍ പറയുന്നു.



















































