ന്യൂഡൽഹി: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബലാത്സംഗക്കേസ് പ്രതികളെ സംരക്ഷിച്ച വ്യക്തിയെ വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട ചുമതലകളിലേക്ക് നിയോഗിച്ചത് അതീവ ലജ്ജാകരമാണെന്ന് അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിലെ പ്രശ്നങ്ങൾക്കെതിരെ വിദ്യാർഥികൾ, പ്രത്യേകിച്ച് പെൺകുട്ടികൾ, പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ ബലാത്സംഗക്കേസ് പ്രതികളെ ന്യായീകരിച്ച ഒരാളെ മന്ത്രിയാക്കിയ നടപടി അംഗീകരിക്കാനാകില്ലെന്നും പ്രഹ്ലാദ് ജോഷി “ഏറ്റവും നീചനായ മനുഷ്യനാണെന്നും” രാഹുൽ ഗാന്ധി വിമർശിച്ചു.
2002-ലെ ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ശിക്ഷാകാലാവധി പൂർത്തിയാകുന്നതിന് മുമ്പ് മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ പ്രഹ്ലാദ് ജോഷി മുൻപ് ന്യായീകരിച്ചിരുന്നതാണ് രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് കാരണം. നിയമവും സംസ്ഥാനത്തിന്റെ ഇളവ് നയം അനുസരിച്ചുമാണ് മോചനം നൽകിയതെന്നായിരുന്നു അന്ന് ജോഷിയുടെ വിശദീകരണം. പിന്നീട് ഈ ഇളവ് സുപ്രീം കോടതി റദ്ദാക്കുകയും പ്രതികൾ വീണ്ടും ജയിലിലേക്ക് മടങ്ങണമെന്നും ഉത്തരവിടുകയും ചെയ്തിരുന്നു.
കേന്ദ്ര മന്ത്രിസഭയിൽ നിരവധി നേതാക്കൾ ഉണ്ടായിരിക്കെ എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഹ്ലാദ് ജോഷിയെ തന്നെ ഈ ചുമതലയിലേക്ക് തെരഞ്ഞെടുത്തതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. വിദ്യാർഥികളുടെ ഭാവിയും പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയും ചർച്ചയാകുന്ന ഘട്ടത്തിൽ ഇത്തരം നിയമനം ഗൗരവമുള്ള വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മുമ്പ് ലോക്‌സഭയിൽ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയും പ്രഹ്ലാദ് ജോഷിക്കെതിരെ സമാന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രഹ്ലാദ് ജോഷി തിരിച്ചടിച്ചു. സഭയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച പ്രിയങ്ക ഗാന്ധി മാപ്പ് പറയണമെന്നും അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



















































