ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി കങ്കണാ റണാവത്തിന്റെ പരാമർശങ്ങൾക്ക് മറുപടി നൽകി കോക്രോച്ച് ജനതാ പാർട്ടി മുഖ്യ വക്താവ് സൗരവ് ദാസ്. കങ്കണ പറയുന്നത് സ്വന്തം പാർട്ടിയായ ബിജെപിക്കാർ പോലും മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് പറഞ്ഞ സൗരവ്, പിന്നെന്തിന് തങ്ങൾ അവരെ ഗൗനിക്കണം എന്നും ചോദിച്ചു. അതുപോലെ എംപിയുടെ ജോലികൾ പോലും ചെയ്യാൻ കഴിയാത്തവരാണ് സിജെപിയെ വിമർശിക്കുന്നതെന്നും രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാൻ കങ്കണ ചെയ്തതിനേക്കാൾ കൂടുതൽ കാര്യങ്ങൾ സിജെപി ചെയ്തിട്ടുണ്ടെന്നും സൗരവ് ദാസ് പറഞ്ഞു.
സൗരവ് ദാസിന്റെ വാക്കുകൾ ഇങ്ങനെ-
‘കങ്കണ റണാവത്തിനെ ബിജെപിക്കാർ പോലും കാര്യമാകുന്നില്ല. ജെൻസികളും ജെൻ ആൽഫയുമുൾപ്പെട്ട പുതുതലമുറയും അവർ പറയുന്നതിന് യാതൊരു പ്രാധാന്യവും നൽകുന്നില്ല. എംപിയുടെ ജോലികൾ പോലും മര്യാദയ്ക്ക് ചെയ്യാൻ കഴിയാത്തവരാണ് സിജെപിയെ വിമർശിക്കുന്നത്. അവർക്ക് കുറച്ച് രാഷ്ട്രീയ മര്യാദയൊക്കെ ആവാം. ഒരു എംപിയാണ് അവർ. ജനപ്രതിനിധി എന്ന നിലയിലുളള പദവിക്ക് ചേരാത്തതാണ് അവരുടെ വാക്കുകൾ’: സൗരവ് ദാസ് പറഞ്ഞു.
അതേസമയം പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച യുവാക്കൾക്കെതിരെ ഇൻസ്റ്റഗ്രാമിലൂടെ രൂക്ഷ പ്രതികരണമാണ് കങ്കണ റണാവത്ത് നടത്തിയത്. ജന്തർ മന്തറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നടന്ന സിജെപിയുടെ പ്രതിഷേധത്തിൽ ഉപയോഗിച്ച ഭാഷ അറപ്പുളവാക്കുന്നതും സംസ്‌കാരശൂന്യവുമാണെന്നും അവരുടെ റീലുകൾ കണ്ട് ഛർദിക്കാൻ തോന്നിയെന്നുമാണ് കങ്കണാ റണാവത്ത് പറഞ്ഞത്. ‘ഛീ ആരാണ് ഇവരെയൊക്കെ പ്രസവിച്ച് വളർത്തുന്നത്… വൈവിധ്യമാർന്ന മനുഷ്യരുളള, ചാരുതയാർന്ന സാംസ്‌കാരിക പക്വതയുളള ഇടമാണ് ഇന്ത്യ. നിങ്ങൾ നിങ്ങളെ പാറ്റകൾ എന്ന് വിളിക്കുന്നു. അവരെപ്പോലെ തന്നെ പെരുമാറുകയും ചെയ്യുന്നു. അതിൽ വൈരുദ്ധ്യമില്ല. ലോകത്തിന് നിങ്ങളുടെ അഴുക്കും മാലിന്യവും വൈരൂപ്യവും കാണിച്ചുകൊടുക്കുകയാണ് എന്ന് മാത്രം. ഈ റീലുകൾ കണ്ട് എന്റെ മനസ് മടുത്തിരിക്കുന്നു. ഒരു ഡിജിറ്റൽ ഡീറ്റോക്‌സ് വേണം’ എന്നായിരുന്നു കങ്കണയുടെ വാക്കുകൾ
പ്രതിഷേധത്തിൽ പങ്കെടുത്തവർ സ്വതന്ത്രമായി ജീവിക്കാൻ ശ്രമിക്കുന്നവരാണ്. മയക്കുമരുന്ന് ഉപയോഗിക്കാനും മദ്യപിക്കാനും പങ്കാളികളെ മാറ്റാനുമുളള സ്വാതന്ത്ര്യം അഭിമാനത്തോടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരാണെന്നും അവരുടെ റീലുകളിലെ ഓരോ ഫ്രെയിമുകളും അലോസരപ്പെടുത്തുന്നതാണെന്നും കങ്കണ പറഞ്ഞിരുന്നു.

















































