തിരുവനന്തപുരം ∙ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനകൾക്കിടെ പരിഹാസ പ്രതികരണവുമായി മുൻ എംഎൽഎ പി.സി. ജോർജ്. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളിൽ ഇഡി പരിശോധന പുരോഗമിക്കുന്നതിനിടെയാണ് സാമൂഹിക മാധ്യമത്തിലൂടെ അദ്ദേഹം പ്രതികരിച്ചത്.
“ഒരു കരണത്തടിക്കുന്നവന് മറു കരണം കൂടി കാട്ടിക്കൊടുക്കണം എന്ന് പഠിപ്പിക്കുന്ന പുതിയ നിയമത്തേക്കാൾ, കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല് എന്ന് പഠിപ്പിക്കുന്ന പഴയ നിയമമാണ് എനിക്ക് ഇഷ്ടം. വിജയനും കുടുംബത്തിനും ആശംസകൾ” — എന്നായിരുന്നു പി.സി. ജോർജിന്റെ കുറിപ്പ്.
മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട കേസിൽ തുടർ അന്വേഷണം ആവശ്യപ്പെട്ട് നിരന്തരം കോടതിയെ സമീപിച്ചിരുന്നത് പി.സി. ജോർജിന്റെ മകനും ബിജെപി നേതാവുമായ ഷോൺ ജോർജ് ആയിരുന്നു.
അതേസമയം, പിണറായി വിജയന്റെ കണ്ണൂരിലെ വസതിയിലും തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിലുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്. ഇതിന് പുറമെ സിഎംആർഎൽ സ്ഥാപനവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ വസതിയിലും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട് വീട്ടിലുമാണ് റെയ്ഡ് നടന്നത്.
മാസപ്പടി കേസിൽ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഇഡി നടപടി ശക്തമാക്കിയത്. പരിശോധനകൾക്ക് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ വാദപ്രതിവാദങ്ങളും ശക്തമായിരിക്കുകയാണ്.
ഇതിനിടെ, റെയ്ഡിനെതിരെ സിപിഎം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കണ്ണൂരിൽ പി. ജയരാജന്റെ നേതൃത്വത്തിലും കോഴിക്കോട്ട് എം. മെഹബൂബിന്റെ നേതൃത്വത്തിലും പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ബിജെപിയും കോൺഗ്രസും ചേർന്ന് നടത്തുന്ന രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് ഇഡി റെയ്ഡ് നടക്കുന്നതെന്നാരോപിച്ചാണ് സിപിഎം നേതാക്കളുടെ പ്രതികരണം.



















































