തിരുവനന്തപുരം: എക്‌സാലോജിക്- സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന റെയ്ഡ് സംബന്ധിച്ച് കേരളത്തിലെ പോലീസിനോ, ആഭ്യന്തര വകുപ്പിനോ ഒരറിവും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അതുസംബന്ധിച്ച് തങ്ങൾക്ക് ഒരു വിവരവും ലഭിച്ചിരുന്നില്ല. മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ വിഡി സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത് കേരളത്തിന്റെ ആവശ്യത്തിനാണ്. അത് സർക്കാർ നടപടികളുടെ ഭാഗമാണ്.
ഇഡി അന്വേഷണവുമായി അതിന് ബന്ധമില്ലെന്നും ചെന്നിത്തല പറഞ്ഞു. റെയ്ഡ് തുടങ്ങിയപ്പോൾ മുതൽ സിപിഎം ആരോപിക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഡൽഹി യാത്രയ്ക്ക് തൊട്ടുപിന്നാലെ നടന്ന ഈ റെയ്ഡിനു പിന്നിൽ വിഡി- മോദി ധാരണയാണെന്ന്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയായിരുന്നു ആഭ്യന്തര മന്ത്രി.
ഇഡി അന്വേഷണത്തെ വി.ഡി. സതീശന്റെ ഡൽഹി യാത്രയുമായി കൂട്ടിക്കുഴയ്ക്കുന്നതിനു പിന്നിലെ രാഷ്ട്രീയത്തെയും അദ്ദേഹം എതിർത്തു. ആഭ്യന്തര വകുപ്പിനോടോ, കേരള പോലീസിനോടോ റെയ്ഡിനായി സഹായം തേടിയിട്ടില്ല. മറിച്ച് കേന്ദ്ര സേനകളുടെ സഹായമാണ് തേടിയത്. ഡിജിപിയുമായും ഹോം സെക്രട്ടറിയുമായും സംസാരിച്ചപ്പോഴും അവർക്കാർക്കും ഇതേപ്പറ്റി അറിയില്ലെന്നാണ് വ്യക്തമാക്കിയതെന്നും ചെന്നിത്തല വ്യക്തമാക്കി.
അതുപോലെ കോൺഗ്രസ് – ബിജെപി ഡീൽ എന്ന സ്ഥിരം പല്ലവി കടന്ന കൈയാണ്. കോൺഗ്രസും ബിജെപിയും സിപിഎമ്മും എന്താണെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം. സിപിഎം- ബിജെപിയുമായുണ്ടാക്കിയ കൂട്ടുകെട്ട് എങ്ങനെ പൊളിഞ്ഞു എന്നത് ജനങ്ങളോട് ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും ചെന്നിത്തല പറഞ്ഞു.






