ഇസ്‍ലാമബാദ്: സൗദി അറേബ്യയെ തൊട്ടുകളിക്കാൻ നോക്കണ്ട, രാജ്യത്തിനു നേരെയുണ്ടാകുന്ന ഹൂതി ആക്രമണം ‘മക്ക സംയുക്ത പ്രതിരോധ കരാർ’ പെട്ടെന്നു തന്നെ യാഥാർഥ്യമാക്കിയേക്കും എന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ മുന്നറിയിപ്പ്. സൗദി അറേബ്യ, പാക്കിസ്ഥാൻ, തുർക്കി എന്നിവർ ചേർന്ന് പുതുതായി രൂപീകരിച്ച മക്ക പ്രതിരോധ സഖ്യത്തിലെ ഏതെങ്കിലും ഒരു അംഗരാജ്യത്തിനു നേരെ ആക്രമണം ഉണ്ടായാൽ അത് എല്ലാവർക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും അക്കാര്യത്തിൽ യാതൊരു അവ്യക്തതയുടെയും ആവശ്യമില്ലെന്നും പാക്കിസ്ഥാൻ ഖ്വാജ ആസിഫ് പറഞ്ഞു.
ചൊവ്വാഴ്ച ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂതികൾ സൗദി അറേബ്യയിലെ തെക്കു പടിഞ്ഞാറൻ മേഖലയിലെ നാലു നഗരങ്ങളിൽ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കു പിന്നാലെയാണ് പാക്കിസ്ഥാന്റെ മുന്നറിയിപ്പെത്തിയത്. സൗദി അറേബ്യയിലെ നഗരങ്ങളെയും സാമ്പത്തിക, ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഏതാണ്ട് എഴുപതിലേറെ പേർക്ക് പരുക്കേറ്റിരുന്നു.
‘‘സൗദി അറേബ്യയിൽ ഹൂതികളുടെ ആക്രമണം തുടർന്നാൽ, പാക്കിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവർ കഴിഞ്ഞ മാസം മക്കയിൽ വച്ച് ഒപ്പുവച്ച കരാറിലെ കൂട്ടായ പ്രതിരോധ വ്യവസ്ഥകളെ സജീവമാക്കും. ഇതിൽ യാതൊരു അവ്യക്തതയും വേണ്ട. ഇതൊരു സംയുക്ത പ്രതിരോധ കരാറാണെന്നതിൽ മറ്റ് വിശദീകരണങ്ങളുടെ ആവശ്യമില്ല,’’ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആസിഫ് പറഞ്ഞു. കരാർ പ്രകാരം സൗദി അറേബ്യയോടുള്ള ബാധ്യതകൾ പാക്കിസ്ഥാൻ നിറവേറ്റുമെന്നും അതിൽ യാതൊരു സംശയവും ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






