പാലക്കാട്: ഇ.എൻ. സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതുകൊണ്ട് മാത്രം സിപിഎം രക്ഷപ്പെടില്ലെന്ന് പി.കെ. ശശി. പാർട്ടിയുടെ തലപ്പത്ത് മാറ്റമുണ്ടായിട്ടില്ലെന്നും ‘തല അവിടെത്തന്നെയുണ്ട്’ എന്നുമായിരുന്നു ശശിയുടെ പ്രതികരണം. മനുഷ്യരുമായി ബന്ധമില്ലാത്ത എം.വി. ഗോവിന്ദനെപ്പോലുള്ള ചില നേതാക്കൾ സംസ്ഥാനതലത്തിൽ തുടരുന്നതാണ് പാർട്ടി നേരിടുന്ന പ്രശ്നമെന്നും അദ്ദേഹം വിമർശിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിലെ പ്രശ്നങ്ങളെക്കുറിച്ച് താൻ ഉന്നയിച്ച കാര്യങ്ങളെല്ലാം ഇപ്പോൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും പി.കെ. ശശി പറഞ്ഞു. സുരേഷ് ബാബുവിനെ മാറ്റിയ നടപടി വൈകിയെങ്കിലും പാർട്ടിയുടെ നന്മയ്ക്കായി എടുത്ത തീരുമാനമാണെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ജില്ലാ സെക്രട്ടറിയെ മാറ്റിയതുകൊണ്ട് മാത്രം പാലക്കാട്ടോ സംസ്ഥാനത്തോ സിപിഎം രക്ഷപ്പെടുമെന്ന് കരുതുന്നില്ലെന്നും ശശി പറഞ്ഞു.
പാർട്ടിയിൽ ഇനിയും നിരവധി ‘പുഴുക്കുത്തുകൾ’ ബാക്കിയുണ്ടെന്നും അവ തിരുത്തേണ്ടതുണ്ടെന്നും പി.കെ. ശശി ആരോപിച്ചു. എം.വി. ഗോവിന്ദനെക്കൊണ്ട് പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം വിമർശിച്ചു. ‘ചതിച്ചാൽ ചതിക്കപ്പെടും’ എന്ന തത്ത്വമാണ് ഇപ്പോൾ സംഭവിച്ചതെന്നും ശശി പ്രതികരിച്ചു. ജില്ലയിലെ യുവജന നേതാവിനെ മാറ്റാനുള്ള തീരുമാനവും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയെ മാറ്റാനുള്ള തീരുമാനത്തെക്കുറിച്ചാണ് ശശി സൂചിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
അതേസമയം, പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി മുൻ എംഎൽഎ വി. ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു തീരുമാനം. ആറ് ഏരിയാ സെക്രട്ടറിമാർ ഉൾപ്പെടെ എട്ട് പേരെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാക്കളായും ഉൾപ്പെടുത്തി.
വിഭാഗീയതയും സംഘടനാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി സുരേഷ് ബാബുവിനെതിരെ ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണ് താൻ സ്ഥാനമൊഴിഞ്ഞതെന്നാണ് സുരേഷ് ബാബുവിന്റെ വിശദീകരണം. തനിക്കെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പുതിയ ജില്ലാ സെക്രട്ടറി വി. ചെന്താമരാക്ഷനും വ്യക്തമാക്കിയിട്ടുണ്ട്.




