ബെംഗളൂരു: ബിജെപി എംഎൽഎക്ക് എതിരെ കാമറയ്ക്ക് മുന്നിൽ രൂക്ഷമായ തെറിവിളിയും അസഭ്യവർഷവും നടത്തി കർണാടക മന്ത്രി എസ്.എസ് മല്ലികാർജുൻ. ഹരിഹർ മണ്ഡലത്തിലെ ബിജെപി എംഎൽഎ ബി.പി ഹരീഷിനെതിരെയാണ് ഖനന-തോട്ടവിള വകുപ്പ് മന്ത്രിയും ദാവൺഗരെ ജില്ലാ ചുമതലയുള്ള മന്ത്രിയുമായ മല്ലികാർജുൻ അസഭ്യപ്രയോഗം നടത്തിയത്. മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഭദ്രാ ഡാമിൽ നിന്ന് ഹരിഹർ പ്രദേശത്തേക്ക് ജലസേചനത്തിനുള്ള വെള്ളം തുറന്നുവിടണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം കർഷകർ മന്ത്രി മല്ലികാർജുനെ കാണാനെത്തിയതായിരുന്നു. ബിജെപി എംഎൽഎ ബി.പി ഹരീഷിന്റെ നിർദേശപ്രകാരമാണ് തങ്ങൾ മന്ത്രിയെ കാണാൻ വന്നതെന്ന് കർഷകർ വ്യക്തമാക്കിയതോടെയാണ് മന്ത്രി പ്രകോപിതനായത്.
കർഷകരോട് മോശമായി സംസാരിച്ച മന്ത്രി, എംഎൽഎയെ പരസ്യമായി അധിക്ഷേപിക്കുകയും ‘ചെരുപ്പൂരി അടിക്കണം’ എന്ന് പരാമർശിക്കുകയും ചെയ്യുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. മന്ത്രി ജനപ്രതിനിധിയോട് നടത്തിയത് കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള അനാദരവാണെന്ന് ബി.പി ഹരീഷ് പ്രതികരിച്ചു. മന്ത്രി നിരന്തരമായി തന്നെ അധിക്ഷേപിക്കുകയാണെന്നും, ജനങ്ങൾ ഇതിന് വോട്ടിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.






