മലപ്പുറം: പൊന്നാനി ചന്തപ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മലപ്പുറം വിപുലീകൃത ജില്ലാ കമ്മിറ്റി സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ കാറിൽ വരുന്നതിനിടെയായിരുന്നു പ്രതിഷേധം. മുൻ എംഎൽഎ പി. നന്ദകുമാറിന്റെ വിവാദ പരാമർശത്തിൽ നടപടി സ്വീകരിക്കാത്തതിലും അദ്ദേഹത്തെ തിരുത്താത്തതിലുമാണ് പ്രതിഷേധമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
മലപ്പുറത്തെ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിനിടെ പി. നന്ദകുമാർ നടത്തിയ പരാമർശമാണ് വിവാദമായത്. മലപ്പുറം ‘മത മൗലികവാദികളുടെയും വർഗീയവാദികളുടെയും കൂടാരമാണ്’ എന്ന തരത്തിലായിരുന്നു നന്ദകുമാറിന്റെ പ്രസംഗം. പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ വേദിയിലിരിക്കെയാണ് സ്വാഗതസംഘം പ്രസംഗത്തിനിടെ നന്ദകുമാർ വിവാദ പരാമർശം നടത്തിയത്.
പരാമർശത്തിനെതിരെ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെ നന്ദകുമാറിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ നന്ദകുമാറിന്റെ പ്രസംഗത്തെ തള്ളാതെയാണ് പിണറായി വിജയൻ വിശദീകരണവുമായി രംഗത്തെത്തിയത്. ഇതാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് കാരണമെന്ന് നേതാക്കൾ പറഞ്ഞു.
മലപ്പുറം ശക്തമായ മതസൗഹാർദം നിലനിൽക്കുന്ന പ്രദേശമാണെന്നും വർഗീയ ശക്തികൾക്ക് ഇവിടെ അഴിഞ്ഞാടാൻ കഴിയില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ഈ അന്തരീക്ഷം തകർക്കാൻ മതമൗലികവാദികളും വർഗീയ ശക്തികളും ശ്രമിക്കുന്നുണ്ടെന്നും അതിനെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് നന്ദകുമാർ ഉദ്ദേശിച്ചതെന്നാണ് പിണറായി വിശദീകരിച്ചത്.
നന്ദകുമാറിന്റെ പ്രസംഗത്തെ രാഷ്ട്രീയ എതിരാളികൾ വക്രീകരിച്ച് പ്രചരിപ്പിക്കുകയാണെന്നും പിണറായി ആരോപിച്ചു. മലപ്പുറത്ത് നടന്ന സിപിഎം വിശാല ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമുള്ള പൊതുസമ്മേളനത്തിലായിരുന്നു പിണറായി വിജയന്റെ പ്രതികരണം.




