ശ്രീനഗർ: പഹൽഗാം ഭീകരാക്രമണം നടത്താനായുള്ള ഗൂഢാലോചന, ആക്രമണം നടക്കുന്നതിന് ഒരാഴ്ച മുൻപ് തന്നെ നടന്നിരുന്നതായി എൻഐഎ. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് എൻഐഎ വീണ്ടെടുത്ത ഡിജിറ്റൽ രേഖകളെ ഉദ്ധരിച്ച് ‘ദ് ഇന്ത്യൻ എക്സ്പ്രസ്’ ആണ് ഈ വാർത്ത പുറത്തുവിട്ടത്. 2025 ഏപ്രിൽ 22 ന് ഉണ്ടായ പഹൽഗാം ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് 2025 ഡിസംബറിൽ ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളതെന്നാണ് റിപ്പോർട്ട് പറയുന്നു.
റിപ്പോർട്ട് ഇങ്ങനെ- 2025 ജൂലൈ 28 ന് ശ്രീനഗറിലെ ഓപ്പറേഷൻ മഹാദേവ് എന്ന സൈനിക നടപടിയിൽ കൊല്ലപ്പെട്ട ഭീകരന്റെ ഫോണിൽ നിന്ന് ഏപ്രിൽ 15, 16 തീയതികളിലെ രണ്ട് മാപ്പ് സ്ക്രീൻഷോട്ടുകൾ കണ്ടെടുത്തു. പർവതാരോഹകർക്കും ട്രക്കിങ്ങിനുമായി ഉപയോഗിക്കുന്ന ഒരു ജിപിഎസ് അധിഷ്ഠിത മൊബൈൽ ആപ്പ് വഴിയാണ് ഭീകരർ ലൊക്കേഷൻ കൈമാറിയത്.
ഏപ്രിൽ 15 മുതൽക്കേ ആക്രമണത്തിനുള്ള പദ്ധതി തയാറായിരുന്നു എന്നതിന്റെ തെളിവാണിത്. ഫൈസൽ ജാട്ട് (സുലൈമാൻ), ഹബീബ് താഹിർ (ജിബ്രാൻ), ഹംസ അഫ്ഗാനി എന്നീ മൂന്ന് ഭീകരർ ആക്രമണത്തിന് തലേദിവസം (ഏപ്രിൽ 21) പഹൽഗാമിലെ ഉയർന്ന പ്രദേശത്തുള്ള പർവേസ് അഹമ്മദ് എന്നയാളുടെ താൽക്കാലിക മൺകൂരയിൽ എത്തിയിരുന്നു. അവിടെ പർവേസും അദ്ദേഹത്തിന്റെ അമ്മാവൻ ബഷീർ അഹമ്മദും ഇവർക്ക് ഭക്ഷണവും ഒളിത്താവളവും ഒരുക്കിയതായും കുറ്റപത്രത്തിൽ പറയുന്നു. സുരക്ഷാ ഏജൻസികൾ സംരക്ഷണം നൽകിയിട്ടുള്ള ഒരു സാക്ഷിയുടെ മൊഴി പ്രകാരം, 2024 സെപ്റ്റംബറിൽ ഗോഗൽ ദാര വനമേഖലയിൽ വച്ച് ഡ്രോൺ വഴി ഭീകരർക്ക് ഒരു മഞ്ഞ പാക്കറ്റ് ലഭിച്ചിരുന്നു. സാജിദ് ജാട്ടിന്റെ നിർദേശപ്രകാരം എത്തിയ പാക്കറ്റിൽ 20 പിസ്റ്റളുകളും, 15 ലക്ഷം രൂപയും, ത്രികോണ ആകൃതിയിലുള്ള ബോംബുകളും ഉണ്ടായിരുന്നു.
അതേസമയം എൻഐഎ പിടിച്ചെടുത്ത രണ്ട് മൊബൈൽ ഫോണുകളും പാക്കിസ്ഥാനിൽ വിൽക്കപ്പെട്ടവയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നിരോധിത ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയുടെയും അതിന്റെ നിഴൽ സംഘടനയായ ദ് റെസിസ്റ്റൻസ് ഫ്രണ്ടിന്റെയും കമാൻഡറായ അലി സാജിദ് (സാജിദ് ജാട്ട്) ആണ് പാക്കിസ്ഥാനിലിരുന്ന് ആക്രമണം പൂർണമായി നിയന്ത്രിച്ചത്. ഇൻക്രിപ്റ്റഡ് ആശയവിനിമയ ശൃംഖല വഴിയാണ് ഇയാൾ ഭീകരർക്ക് വഴി കാട്ടിയതും ഡ്രോൺ വഴിയുള്ള ആയുധ വിതരണം ഏകോപിപ്പിച്ചതെന്നും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ആയിരത്തിലധികം സാക്ഷികളെയാണ് എൻഐഎ ചോദ്യം ചെയ്തതെന്നും റിപ്പോർട്ട് പറയുന്നു.
















































