കൊല്ലം: തേവള്ളി പാലത്തിനു സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പള്ളിത്തോട്ടം കോളനിയിലെ താമസക്കാരനായ യുവാവിനെ പോലീസ് ഡാൻസാഫ് ടീം പിന്തുടർന്നതോടെ ഇയാൾ ഓടി. പിന്നാലെ ഡാൻസാഫ് സംഘവും. തേവള്ളി മിൽമയ്ക്കു സമീപം വച്ച് ആളെ പിടികൂടി. പാന്റ്സിന്റെ പോക്കറ്റിലും മറ്റുമൊക്കെ തപ്പിയെങ്കിലും ഒന്നും കിട്ടിയില്ല. പക്ഷേ, ‘സാധനം’ കയ്യിലുണ്ടെന്നു പൊലീസിനു സംശയവും ഉറച്ചു. ഒടുവിൽ അറ്റകൈ പ്രയോഗം നടത്തി. പാന്റ്സ് താഴ്ത്തി നോക്കിയപ്പോൾ തുടകളിൽ ടേപ്പ് കൊണ്ടു ഒട്ടിച്ചുവച്ച നിലയിൽ കഞ്ചാവ് ! കയ്യോടെ പൊക്കി വെസ്റ്റ് പൊലീസിനു കൈമാറി. മൊത്തമായി ശേഖരിച്ചു വച്ച ശേഷം ചില്ലറയായി കൊണ്ടു നടക്കുകയായിരുന്നു പതിവ്.
സമാന സാഹചര്യത്തിൽ കൊല്ലം ഡിസിസി ഓഫീസിനു സമീപം കണ്ട വടക്കേവിള സ്വദേശിയായ നാൽപത്തിയെട്ടുകാരനും പൊലീസിനെ കണ്ട് ബൈക്കിൽ പാഞ്ഞു. ഡാൻസാഫ് സംഘം ജീപ്പിൽ പിന്തുടർന്നു. നിർത്താതെ പോയ ഇയാളെ ബീച്ച് റോഡിൽ വച്ച് ബൈക്കിൽ ഇടിച്ചിട്ടു പിടികൂടേണ്ടി വന്നു. 250 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നു പിടിച്ചെടുത്തു.
‘ഓപ്പറേഷൻ തൂഫാൻ’ ശക്തി പ്രാപിക്കുമ്പോൾ പിടി വീവാതിരിക്കാൻ ലഹരി കടത്തിനു പുതിയ അടവുകൾ പയറ്റുകയാണ് പലരും. തന്ത്രങ്ങൾ പൊളിച്ച് പൊലീസിന്റെ ഡാൻസാഫ് ടീം ‘സാധനം’ പൊക്കുന്ന നിരവധി സംഭവങ്ങൽ സംസ്ഥാനത്തങ്ങോളം ഇങ്ങോളം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പിടിമുറുക്കിയതോടെ പതിവുകാർ ഇല്ലാതെ വലയുന്ന സ്ഥിതിയുമായി. ലഹരി ഉപയോഗിക്കുന്നവരുടെ വാട്സാപ് ചാറ്റും പൊലീസിനു ചോർന്നു കിട്ടി. ‘ഡേയ്, സാധനം ഒട്ടുമില്ല. ഇത്തിരിയെങ്കിലും കിട്ടാൻ വഴിയുണ്ടോ’ എന്നു ചോദിക്കുന്ന വാട്സാപ് സന്ദേശം ഇതിലൊന്ന്. എങ്ങനെയെങ്കിലും സാധനം പതിവുകാർക്ക് എത്തിക്കാനുള്ള നെട്ടോട്ടത്തിലാണു ലഹരികടത്തുകാർ.

















































