ധാക്ക: ബംഗ്ലാദേശ് ഇന്ത്യയുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും മുന്നറിയിപ്പുമായി ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വസീദ് ജോയ്. അയൽരാജ്യമായ പാകിസ്താനിലെ ഐഎസ്‌ഐ പോലുള്ള ഏജൻസികൾക്കും തീവ്രവാദ ഗ്രൂപ്പുകൾക്കും ബംഗ്ലാദേശിൽ ഇപ്പോൾ വലിയ സ്വാധീനമുണ്ടെന്ന് വസീദ് ആരോപിച്ചു. ന്യൂഡൽഹിയിൽ ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അവാമി ലീഗ് സർക്കാരിനെ പുറത്താക്കിയതിന് പിന്നാലെ ബംഗ്ലാദേശിൽ ജനാധിപത്യ തകർച്ചയും രാഷ്ട്രീയ പാർശ്വവൽക്കരണവും ക്രമസമാധാന തകർച്ചയുമാണ് ദൃശ്യമാകുന്നതെന്ന് വസീദ് ആരോപിച്ചു. ഈ പരിപാടിയുടെ വാർത്തകളോ അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളോ നൽകരുതെന്ന് പ്രമുഖ ടെലിവിഷൻ ചാനലുകൾക്കും പത്രങ്ങൾക്കും ഇന്റലിജൻസ് ഏജൻസികൾ നിർദ്ദേശം നൽകിയതായി അദ്ദേഹം ആരോപിച്ചു.
‘ഇന്ത്യയെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തേണ്ട കാര്യം ബംഗ്ലാദേശ് ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിൽ മറ്റൊരു പാകിസ്താനായി മാറിയിരിക്കുന്നു എന്നതാണ്.’ അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം ഷെയ്ഖ് ഹസീന വെർച്വലായി ഒരു വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. 2024 ഓഗസ്റ്റിൽ അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ട ശേഷം ആദ്യമായാണ് അവർ ഒരു വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. 2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ സംഘർഷങ്ങളെ തന്റെ സർക്കാർ കൈകാര്യം ചെയ്ത രീതിയെ മുൻ പ്രധാനമന്ത്രി ന്യായീകരിച്ചു. അവിടെ നടന്നത് സമാധാനപരമായ വിദ്യാർഥിസമരം ആയിരുന്നില്ലെന്നും അക്രമാസക്തമായ സംഘടിത പ്രവർത്തനമായിരുന്നു എന്നും അവർ ആരോപിച്ചു. ഹസീന സംസാരിക്കുന്നതിന് മുന്നോടിയായി വസീദ് സ്വാഗതപ്രസംഗം നടത്തിയിരുന്നു.
‘ബംഗ്ലാദേശ് ഇന്ന് പരാജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു രാജ്യമല്ല . അതൊരു പരാജയപ്പെട്ട രാജ്യമാണ്.’ അദ്ദേഹം പറഞ്ഞു. രാജ്യത്ത് ‘മനുഷ്യാവകാശങ്ങളോ’ ‘സംസാരസ്വാതന്ത്ര്യമോ’ ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. ചടങ്ങിന് മുന്നോടിയായി മാധ്യമ സ്ഥാപനങ്ങൾ കനത്ത സമ്മർദ്ദത്തിലായിരുന്നുവെന്നും വസീദ് അവകാശപ്പെട്ടു. അവാമി ലീഗിന്റെ ഭരണകാലത്ത് തടവിലാക്കപ്പെട്ട നൂറുകണക്കിന് ശിക്ഷിക്കപ്പെട്ട തീവ്രവാദികൾ മോചിപ്പിക്കപ്പെട്ടതായി ആരോപിച്ച അദ്ദേഹം, ഹിസ്ബൂത് തഹ്‌രീർ ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകൾ ഇപ്പോൾ ബംഗ്ലാദേശിൽ പരസ്യമായി പ്രവർത്തിക്കുന്നുണ്ടെന്നും അവകാശപ്പെട്ടു. ‘ഇത് ഇപ്പോൾ തടഞ്ഞില്ലെങ്കിൽ, ഭാവിയിൽ ആഗോളതലത്തിൽ അടുത്ത ഭീകരരുടെ കൂട്ടം വരാൻ പോകുന്നത് ബംഗ്ലാദേശിൽ നിന്നായിരിക്കും.’ വസീദ് പറഞ്ഞു.






