ലക്ക്നൗ: ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിൽ കാമുകിയെ കാണാനെത്തിയ പത്തൊൻപതുകാരനെ പെൺകുട്ടിയുടെ വീട്ടുകാർ അതിക്രൂരമായി തല്ലിക്കൊന്നു. മഹുവ ഖഡ ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് അതി ദാരുണ സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടുകാരുടെ ആക്രമണത്തിൽ കൗശാംബി സ്വദേശിയായ ശിവപ്രസാദ് ആണ് കൊല്ലപ്പെട്ടത്.
സംഭവം ഇങ്ങനെ- ശിവപ്രസാദ്, രാകേഷ് ലോധിയുടെ മകളുമായി പ്രണയത്തിലായിരുന്നു. വ്യാഴാഴ്ച രാത്രി പെൺകുട്ടിയെ കാണാൻ അവളുടെ വീട്ടിലെത്തിയ ശിവപ്രസാദിനെ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. വടികളും മൂർച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ പിതാവ് രാകേഷ്, സഹോദരന്മാരായ സച്ചിൻ, ദുർഗേഷ്, രാകേഷിന്റെ ഭാര്യ ഗെൻഡിയ, മുത്തശ്ശൻ ഗുൽസാർ എന്നിവർ ചേർന്നാണ് തന്നെ വളഞ്ഞിട്ട് ആക്രമിച്ചത്.
ഗുരുതരമായി പരുക്കേറ്റ യുവാവിനെ വീട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. മർദ്ദനത്തിനിടയിൽ പെൺകുട്ടിക്കും നിസ്സാര പരുക്കേറ്റിട്ടുണ്ട്. നിലവിൽ പെൺകുട്ടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം മരണപ്പെടുന്നതിന് തൊട്ടുമുമ്പ് ശിവപ്രസാദ് അമ്മയെ ഫോണിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചിരുന്നതായി അമ്മ കുന്തി ദേവി പറഞ്ഞു. “അമ്മേ, വേഗം വന്ന് എന്നെ രക്ഷിക്കൂ, അവർ എന്നെ കൊല്ലും” എന്ന് അവൻ ഫോണിലൂടെ കരഞ്ഞു പറഞ്ഞു. പെൺകുട്ടിയുടെ പിതാവ് രാകേഷ്, സഹോദരന്മാരായ സച്ചിൻ, ദുർഗേഷ്, രാകേഷിന്റെ ഭാര്യ ഗെൻഡിയ, മുത്തശ്ശൻ ഗുൽസാർ എന്നിവർ ചേർന്നാണ് തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് അവൻ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞിരുന്നു.
കൂടാതെ ഇരുമ്പ് വടിയും മഴുവും കുന്തവും ഉപയോഗിച്ചാണ് അവനെ അവർ ആക്രമിച്ചതെന്നും അമ്മ ആരോപിച്ചു. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ ശിവപ്രസാദിൻറെ അച്ഛൻ രാം ബദൻ ലോധി പോലീസിൽ പരാതി നൽകി. രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടികൂടുന്നതിനായി സൂപ്രണ്ട് ഓഫ് പോലീസിന്റെ നിർദ്ദേശപ്രകാരം മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സംശയാസ്പദരായ രണ്ട് പേരെ പോലീസ് നിലവിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. യുവാവിൻറെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

















































