തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ വിവാദം ശക്തമാകുന്നു. തിരുവനന്തപുരം ലോ കോളജിൽ എസ്‌എഫ്‌ഐയുടെ സജീവ പ്രവർത്തകയായിരുന്നയാളെ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതിനെതിരെ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പരസ്യ വിമർശനവുമായി രംഗത്തെത്തി.
തിരുവനന്തപുരം ലോ കോളജിൽ കെ.എസ്.യു പ്രവർത്തകരെ നിരന്തരം മർദിക്കാൻ നേതൃത്വം നൽകിയ സംഘത്തിലെ മുൻ എസ്‌എഫ്‌ഐ പ്രവർത്തകയ്ക്കാണ് സർക്കാർ പ്ലീഡർ പദവി നൽകിയതെന്ന് ആരോപിച്ച അലോഷ്യസ്, ഈ തീരുമാനം തിരുത്തണമെന്നും ആവശ്യപ്പെട്ടു. സംഘടനയ്ക്കായി വർഷങ്ങളോളം തെരുവിൽ പോരാടുകയും കേസുകൾ നേരിടുകയും ചെയ്ത കെ.എസ്.യു പ്രവർത്തകരെ അവഗണിച്ച് വഴിയിലൂടെ പോകുന്ന എസ്‌എഫ്‌ഐക്കാരെ ചുമക്കേണ്ട ബാധ്യത യു.ഡി.എഫ് സർക്കാരിനില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
“വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി മാറ്റുന്ന നയം അംഗീകരിക്കാനാവില്ല. ഇക്കാലമത്രയും വാദിച്ചതും ശബ്ദമുയർത്തിയതും കെ.എസ്.യുവായി തെരുവിൽ ചോരയൊഴുക്കിയവർക്കും കേസുകളിൽ പ്രതിയായവർക്കും വേണ്ടിയാണ്. വ്യക്തിപരമായ ഒരു സർക്കാർ ആനുകൂല്യത്തിന് വേണ്ടിയും വാദിക്കാൻ ഉദ്ദേശമില്ല. എന്നാൽ കെ.എസ്.യുക്കാരായ സഹപ്രവർത്തകരെ കണ്ടില്ലെന്ന് നടിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ല.” — അലോഷ്യസ് ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ പത്ത് വർഷമായി പിണറായി സർക്കാരിനെതിരെ സമരത്തിനും പ്രതിഷേധങ്ങൾക്കും വിളിച്ചിരുന്ന നേതാക്കൾ ഇപ്പോൾ കെ.എസ്.യു പ്രവർത്തകർക്കുവേണ്ടി വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
“കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി സർക്കാരിനെതിരെ സമരം ചെയ്യാനും പ്രതിഷേധം ഉയർത്താനും നിരന്തരം വിളിച്ചുകൊണ്ടിരുന്ന നേതാക്കന്മാരുടെ ഫോണുകൾ ഇപ്പോൾ കെ.എസ്.യു സഹപ്രവർത്തകർക്ക് വേണ്ടി വിളിക്കുമ്പോൾ ഇൻകമിങ് സ്വീകരിക്കാത്തത് തെറ്റായ പ്രവണതയാണ്. വഴിയിൽ കൂടി പോകുന്ന എസ്.എഫ്.ഐക്കാരെയൊക്കെ ചുമക്കേണ്ട ബാധ്യത യു.ഡി.എഫ് സർക്കാരിനില്ല. തിരുവനന്തപുരം നിയമകലാലയത്തിൽ കെ.എസ്.യുക്കാരെ നിരന്തരം മർദിക്കുന്നതിന് നേതൃത്വം കൊടുത്ത സംഘത്തിലുള്ളവരെ ഗവൺമെന്റ് പ്ലീഡറാക്കിയ നടപടി തിരുത്തപ്പെടേണ്ടതാണ്.” — അദ്ദേഹം പറഞ്ഞു.
പരസ്യമായി പ്രതികരിച്ചതിന്റെ കാരണവും അലോഷ്യസ് വിശദീകരിച്ചു.
“എന്തുകൊണ്ട് പരസ്യമായി പ്രതികരിക്കുന്നു എന്ന ചോദ്യം പാർട്ടിയെ സ്നേഹിക്കുന്ന സഹപ്രവർത്തകർക്ക് ഉണ്ടാകുമെന്നതിനാൽ അതിനുള്ള മറുപടി കൂടി കുറിക്കാതിരിക്കാൻ വയ്യ. ‘കരയുന്ന പിള്ളയ്ക്കേ ചോറുള്ളൂ’ എന്ന് വച്ചാൽ എന്ത് ചെയ്യും.” — അദ്ദേഹം കൂട്ടിച്ചേർത്തു.
















































