തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിരുന്ന് വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. ഉച്ചയ്ക്ക് ആരായാലും ഭക്ഷണം കഴിക്കും. വിഷയദാരിദ്ര്യത്തിന്റെ ഭാഗമായാണ് ഇത്തരം വിവാദങ്ങളുണ്ടാക്കുന്നത്.
ദുരന്തത്തെ പോലും രാഷ്ട്രീയവത്കരിക്കുന്നുവെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. ‘ഒരു സ്ഥലത്ത് ഭക്ഷണം ഏർപ്പാടാക്കിയതിനാൽ അവിടെ പോയി കഴിച്ചു എന്നേയുള്ളൂ. അതല്ലാതെ മറ്റൊന്നുമില്ല. പ്രളയമുണ്ടായിരുന്നപ്പോൾ പോലും അന്ന് പിണറായി വിജയൻ എവിടെയെങ്കിലും പോയി ഭക്ഷണം കഴിച്ചതായി ഞങ്ങൾ പറഞ്ഞിട്ടുണ്ടോ’ എന്നും മുരളീധരൻ ചോദിച്ചു. കേരളം മഴക്കെടുതിയെ നേരിടുമ്പോൾ മുഖ്യമന്ത്രി വി.ഡി സതീശൻ യൂത്ത് ലീഗ് നേതാവിന്റെ വീട്ടിൽ വിരുന്ന് സൽക്കാരത്തിൽ പങ്കെടുക്കുകയാണെന്ന് പ്രതിപക്ഷം രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.
ഇതിന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചു. റോം കത്തിയെരിയുമ്പോൾ നീറോ വീണ മീട്ടുന്നത് പോലെ എന്നാണ് ഇതിനെ കുറിച്ച് മുൻ വിദ്യാഭ്യാസമന്ത്രി കൂടിയായ വി ശിവൻകുട്ടി കുറ്റപ്പെടുത്തിയത്.






