ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനേയിയുടെ ഖബറടക്കം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ അമേരിക്കയ്ക്കും ഇസ്രയേലിനും തിരിച്ചടി നൽകുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി). ഖമനേയിയുടെ സംസ്‌കാരത്തിനു പിന്നാലെ ഇരു രാജ്യങ്ങൾക്കുമുള്ള മുന്നറിയിപ്പുമായി ഐആർജിസി ബ്രിഗേഡിയർ ജനറൽ അഹമ്മദ് വഹീദിയാണ് രംഗത്തെത്തിയത്. ഫെബ്രുവരി 28-ാം തീയതി നടന്ന യുഎസ്- ഇസ്രയേൽ വ്യോമാക്രമണത്തിലായിരുന്നു ഖമനേയി കൊല്ലപ്പെട്ടത്.
ഓർമയിൽനിന്ന് മായ്ച്ചുകളയാൻ സാധിക്കാത്തവിധമായിരിക്കും ശത്രുക്കൾക്ക് ഇറാൻ നൽകുന്ന തിരിച്ചടിയെന്ന് വഹീദി പറഞ്ഞു. നീതി പൂർണമായി നടപ്പിലാക്കണമെന്നും കുറ്റവാളികൾക്ക്, പ്രത്യേകിച്ച് കുട്ടികളെ കൊല്ലുന്ന അമേരിക്കൻ സൈന്യത്തിന് അർഹമായ തിരിച്ചടി നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രക്തസാക്ഷികൾക്കായി പ്രതികാരം വീട്ടുന്നതും കുറ്റവാളികൾക്ക് ശിക്ഷ നൽകുന്നതും നിശ്ചിതവും നിയമാനുസൃതവും മറക്കാനാകാത്തതുമായ ആവശ്യമായി തുടരുകതന്നെ ചെയ്യുമെന്നും വഹീദി കൂട്ടിച്ചേർത്തു.
“ഈ ആക്രമണം ചരിത്രത്തിൽ നിന്ന് ഒരിക്കലും മായുകയില്ല, ശഹീദുകളുടെ പ്രതികാരം ചെയ്യുകയും കുറ്റക്കാർക്ക് യോജിച്ച ശിക്ഷ നൽകുകയും ചെയ്യുക എന്നത് നിർണായകവും നിയമാനുസൃതവുമായ ആവശ്യമാണ്. അമേരിക്കയും ഇസ്ലാമിക് വിപ്ലവത്തിന്റെയും പ്രതിരോധ മുന്നണിയുടെയും എല്ലാ ശത്രുക്കളും ഒന്നു മനസിലാക്കണം, ഈ ദൈവിക നേതാവിനെ ഭീരുത്വപരമായി കൊലപ്പെടുത്തിയതിലൂടെ പ്രതിരോധത്തിന്റെ പതാക ഒരിക്കലും താഴെയിറക്കാൻ കഴിയില്ല,” വാഹിദി കൂട്ടിച്ചേർത്തു.
നേരത്തെ, യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ഇസ്രയേൽ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരം ഇസ്രായേൽ അമേരിക്കയുമായി പങ്കുവെച്ചതായി അമേരിക്കൻ ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങളായ വാൾസ്ട്രീറ്റ് ജേണലും സിഎൻഎന്നും റിപ്പോർട്ട് ചെയ്തു. ഇറാൻ തന്നെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്നും അവരുടെ ഒന്നാം നമ്പർ ലക്ഷ്യം താനാണെന്നും കഴിഞ്ഞ ദിവസം ട്രംപും പറഞ്ഞിരുന്നു.
അതേസമയം ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഖമനേയിയെ സ്വന്തം സ്വദേശമായ മഷ്ഹദിൽ ജനകീയ ആദരവുകളോടെ സംസ്കരിച്ചു. ഇതിനിടെ, ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്, ആവശ്യമുണ്ടെങ്കിൽ ഇനിയും കൂടുതൽ ശക്തിയോടെ ഇറാനെതിരേ സൈനിക നടപടി പുനരാരംഭിക്കാമെന്ന് മുന്നറിയിപ്പ് നൽകി.


















































