തിരുവനന്തപുരം: മലപ്പുറം കിഴിശ്ശേരി സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവർ ഷൗക്കത്ത് അലി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് വാഹന പരിശോധനയിൽ വീഴ്ചവരുത്തിയ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകും. ഉദ്യോഗസ്ഥനായ എൻ. പ്രേംകുമാറിൽ നിന്ന് 15 ദിവസത്തിനുള്ളിൽ വിശദീകരണം വാങ്ങി തുടർനടപടികൾ സ്വീകരിക്കാൻ ഗതാഗത മന്ത്രി സി.പി ജോൺ ഗതാഗത സെക്രട്ടറിക്ക് നിർദേശം നൽകി.
കൂടാതെ മോട്ടർ വാഹന വകുപ്പിൽ നടപ്പിലാക്കേണ്ട നവീകരണ പ്രവർത്തനങ്ങൾക്കായി സമയബന്ധിതമായി ആക്‌ഷൻ പ്ലാൻ തയാറാക്കാനും ഇതിന്റെ പുരോഗതി ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി യോഗങ്ങളിൽ യഥാസമയം റിപ്പോർട്ട് ചെയ്യാനും മന്ത്രി നിർദേശിച്ചു.
അതേസമയം ഷൗക്കത്ത് അലിയുടെ മരണത്തിന് പിന്നിൽ മോട്ടർ വാഹന വകുപ്പിന്റെ വീഴ്ചകൾ മാത്രമാണെന്ന് കരുതാനാകില്ലെന്നാണ് ഗതാഗത സെക്രട്ടറി ഗതാഗത മന്ത്രി സി.പി ജോണിന് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ആത്മഹത്യക്കുറിപ്പിലെ ആരോപണങ്ങളെത്തുടർന്ന് അരീക്കോട് പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ഇതിന് സമാന്തരമായാണ് വകുപ്പുതലത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
ഷൗക്കത്ത് അലിയുടെ ഓട്ടോറിക്ഷ 2025 നവംബർ 13ന് എഎംവിഐ എൻ. പ്രേംകുമാർ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. നിയമവിരുദ്ധമായി വാഹനത്തിൽ രൂപമാറ്റം വരുത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന് അപാകതകൾ പരിഹരിച്ച് വീണ്ടും ഹാജരാക്കാൻ അദ്ദേഹം നിർദേശം നൽകി. എന്നാൽ 1989 ലെ കേരള മോട്ടർ വാഹന ചട്ടങ്ങളിലെ 110–ാം ചട്ടം അനുശാസിക്കുന്ന പ്രകാരം അപേക്ഷ നിരസിച്ച വിവരം സിഎഫ്ആർആർ ഫോമിൽ രേഖപ്പെടുത്തി അപേക്ഷകന് നൽകിയില്ല. ഈ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥനോട് വിശദീകരണം തേടുന്നത്.






