ഇടുക്കി: തൊടുപുഴയിൽ ലഹരിക്കടിമയായ മകൻ അമ്മയെ കൊലപ്പെടുത്തി. ഇടവെട്ടി ശാസ്താമ്പാറ സ്വദേശി റേച്ചൽ ജോസഫ് (63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ലിജോ ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.വീടിന്റെ പിന്നാമ്പുറത്താണ് റേച്ചൽ ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ മകൻ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം.
കൃത്യത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ലിജോയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം ലിജോ ലഹരിക്ക് അടിമയാണെന്ന് പോലീസ് അറിയിച്ചു. ഇയാൾക്ക് മാനസിക വിഭ്രാന്തിയുണ്ടായിരുന്നതായി നാട്ടുകാരും പറയുന്നുണ്ട്. ഇക്കാര്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.
കൊലപാതക വിവരം നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് തൊടുപുഴ ഡിവൈഎസ്പി ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം, പ്രതിയുടെ ലഹരി ഉപയോഗം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ തെളിവുകൾ ശേഖരിക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്.






