തിരുവനന്തപുരം ∙ നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരനായ 23കാരന് നേരെ ക്രൂരമായ ആക്രമണം. ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്ന് നാലംഗ സംഘം യുവാവിനെ കമ്പിവടി ഉപയോഗിച്ച് മർദിച്ചെന്നാണ് പരാതി. യുവാവിന്റെ മുടിയുടെയും മീശയുടെയും ഒരു ഭാഗം വടിച്ചുമാറ്റിയതായും പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
കമുകിൻതോട് സ്വദേശികളായ ജിത്തു, റംസി, ചിപൂത്തി എന്നിവരും ഇവരുടെ സുഹൃത്തുമാണ് യുവാവിനെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. കമുകിൻതോട്ടിലെ ഒഴിഞ്ഞ വീട്ടിലേക്ക് യുവാവിനെ കൂട്ടിക്കൊണ്ടുപോയ സംഘം അവിടെവച്ച് ലൈംഗികബന്ധത്തിന് നിർബന്ധിച്ചെന്നാണ് പരാതി.
യുവാവ് വിസമ്മതിച്ചതോടെ കൈയും കാലും കെട്ടിയിട്ട് വസ്ത്രങ്ങൾ അഴിപ്പിച്ച് മർദിക്കുകയായിരുന്നു. കമ്പിവടി ഉപയോഗിച്ച് കൈകളിലും കാലുകളിലും പുറത്തും സംഘം അടിച്ചതായും രാത്രി മുഴുവൻ മർദനം തുടർന്നതായും പൊലീസ് പറഞ്ഞു.
സാരമായി പരുക്കേറ്റ യുവാവ് പിന്നീട് അവിടെനിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തി. ഇതോടെയാണ് കുടുംബം സംഭവത്തെക്കുറിച്ച് അറിയുന്നത്. തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ലഹരിക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ ഇവർ പ്രതികളാണെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒളിവിലുള്ള പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി.






