തിരൂർ ∙ ഇൻസ്റ്റഗ്രാമിലൂടെ ചെങ്കൊടിയെയും സിപിഎമ്മിനെയും പുകഴ്ത്തി ശ്രദ്ധ നേടിയ കുട്ടിസഖാവ് മുഹമ്മദ് സെയിൻ സമാനെയും സുഹൃത്തുക്കളെയും നേരിട്ടെത്തി സന്ദർശിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. വെട്ടം മുറി വഴിക്കൽ സ്വദേശി കളത്തിപറമ്പിൽ സെയിൻ സമാനെയും കൂട്ടുകാരെയും അഭിനന്ദിക്കാനാണ് ജയരാജൻ എത്തിയത്.
സെയിൻ സമാന്റെ ഇൻസ്റ്റഗ്രാം പേജ് മെറ്റ നീക്കം ചെയ്തതിനു പിന്നാലെയാണ് ജയരാജന്റെ സന്ദർശനം. തന്നെ സ്വീകരിക്കാനായി സെയിൻ സമാൻ നൽകിയ മാല ‘നീയാണ് താരം’ എന്ന് പറഞ്ഞ് ജയരാജൻ തിരിച്ചെടുത്ത് കുട്ടിയെ അണിയിച്ചു.
മലയാളികളുള്ളിടത്തെല്ലാം സെയിൻ സമാൻ ശ്രദ്ധേയനായിക്കഴിഞ്ഞുവെന്നും ചെങ്കൊടി നെഞ്ചിലേറ്റിയ പുതിയ തലമുറ വളർന്നുവരണമെന്നും പി. ജയരാജൻ പറഞ്ഞു. പുതിയ തലമുറ ഭരണാധികാരികളെ മുട്ടുകുത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി ഉയരുന്ന പ്രതിഷേധങ്ങളിലൂടെ ലോകം ഇത് കാണുകയാണെന്നും ജയരാജൻ പറഞ്ഞു. ജെൻ സി മാത്രമല്ല, ജെൻ ആൽഫയും ഇപ്പോൾ ട്രെൻഡിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മെറ്റ പോലുള്ള ഏജൻസികൾ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാൻ ശ്രമിച്ചാലും ജനങ്ങൾ അതിനെ അതിജീവിക്കുമെന്ന് ജയരാജൻ പറഞ്ഞു. കൊച്ചുകുട്ടികൾ പോലും ചെങ്കൊടി നെഞ്ചിലുണ്ടെന്ന് പറയുന്നത് പാർട്ടിക്ക് വലിയ ആവേശം നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി. ഹംസക്കുട്ടി, അഡ്വ. യു. സൈനുദ്ദീൻ, നൗഷാദ് നെല്ലാഞ്ചേരി, എൻ.എസ്. ബാബു, സുലൈമാൻ എന്നിവരും പി. ജയരാജനൊപ്പമുണ്ടായിരുന്നു.
നേരത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സെയിൻ സമാനെ വീഡിയോ കോളിലൂടെ അഭിനന്ദിച്ചിരുന്നു. തൃശ്ശൂരിൽ നടന്ന ഡിവൈഎഫ്ഐ സെമിനാറിലും സെയിൻ സമാനെയും സുഹൃത്തുക്കളെയും ആദരിച്ചിരുന്നു. കുട്ടികളുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞും അവർക്കൊപ്പം ഫോട്ടോ എടുത്തുമാണ് പി. ജയരാജൻ മടങ്ങിയത്.






