ദുബായ്: ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർക്കെതിരെ യെമനും സൗദി അറേബ്യയും ചേർന്ന് വൻ സൈനിക നീക്കം ആരംഭിച്ചു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലകൾ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൈനിക നടപടിയിൽ നൂറോളം യുദ്ധവിമാനങ്ങൾ പങ്കെടുത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. ആക്രമണത്തിന്റെ ഭാഗമായി ഹൂതികളുടെ 324 തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർത്തതായും സഖ്യസേന അവകാശപ്പെട്ടു.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ പൂർണമായും തിരിച്ചുപിടിക്കുന്നതുവരെ സൈനിക നടപടി തുടരുമെന്നാണ് സഖ്യസേനയുടെ നിലപാട്. യെമൻ സൈന്യത്തിന് പൂർണമായ വ്യോമപിന്തുണ നൽകുമെന്നും സനാ ഉൾപ്പെടെയുള്ള ഹൂതി നിയന്ത്രിത മേഖലകൾ തിരിച്ചുപിടിക്കാൻ ആവശ്യമായ പിന്തുണ തുടരുമെന്നും സഖ്യസേന വ്യക്തമാക്കി. യെമൻ പ്രസിഡന്റ് കൗൺസിൽ അധ്യക്ഷൻ റഷാദ് അൽ അലിമി രാജ്യത്തെ ഹൂതി നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം ശക്തമായത്.
യെമന്റെ വിവിധ മേഖലകളിൽനിന്ന് ഒരേസമയം സൈനിക നീക്കം ശക്തമാക്കിയിരിക്കുകയാണ്. ചെങ്കടലിലേക്കുള്ള പ്രധാന കവാടമായ ബാബ് അൽ മന്ദേബ് കടലിടുക്ക് കേന്ദ്രീകരിച്ചും സൈനിക നടപടി പുരോഗമിക്കുന്നുണ്ട്. സഖ്യസേനയുടെ വ്യോമസേന ബാബ് അൽ മന്ദേബ് മേഖലയിൽ വ്യോമസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം യെമൻ കരസേനയ്ക്ക് തുടർച്ചയായ വ്യോമപിന്തുണ നൽകുന്നതായും അറിയിച്ചു.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനാ തിരിച്ചുപിടിക്കുന്നതും നിലവിലെ സൈനിക നീക്കത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. സനാ ഉൾപ്പെടെ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലകളിൽ ഹൂതികൾക്ക് ഇപ്പോഴും ശക്തമായ സ്വാധീനമുണ്ട്. യെമൻ സൈന്യവും സഖ്യസേനയും വിവിധ മേഖലകളിൽ മുന്നേറ്റം നടത്തുന്നതിനിടെയാണ് ആക്രമണം കൂടുതൽ ശക്തമാക്കിയത്.
അതേസമയം, സൗദി നേതൃത്വത്തിലുള്ള വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ഹൂതികളും തിരിച്ചാക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. സംഘർഷം വീണ്ടും രൂക്ഷമായതോടെ ചെങ്കടൽ മേഖലയിലെ കപ്പൽഗതാഗത സുരക്ഷയിലും ആശങ്ക ഉയർന്നിട്ടുണ്ട്. ബാബ് അൽ മന്ദേബ് കടലിടുക്ക് ആഗോള വ്യാപാരത്തിന് നിർണായകമായ സമുദ്രമാർഗമായതിനാൽ യെമനിലെ പുതിയ സൈനിക നീക്കം മേഖലയിൽ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ.




