മെക്സിക്കോ സിറ്റി: ലോകകപ്പ് ഗ്രൂപ്പ് എ- യിൽ മെക്‌സിക്കോയെ നേരിടാനൊരുങ്ങുന്നതിനിടെ ദക്ഷിണ കൊറിയൻ ടീമിന്റെ പരിശീലന ക്യാമ്പിന് മുകളിൽ അനധികൃതമായി പറന്ന ഡ്രോൺ മെക്സിക്കൻ സൈന്യം വെടിവെച്ചിട്ടു. ഗ്വാഡലഹാരയിലെ ദക്ഷിണ കൊറിയൻ ക്യാമ്പിനുസമീപം സംശയകരമായ രീതിയിൽ ഡ്രോൺ കണ്ടെത്തിയതിനെത്തുടർന്ന് സൈന്യത്തിന്റെ പ്രത്യേക സുരക്ഷാവിഭാഗം അത് തകർക്കുകയായിരുന്നു.
സംഭവം ദൗർഭാഗ്യകരമെന്ന് പരിശീലകൻ ഹോങ് മ്യൂങ് ബോ പ്രതികരിച്ചു. ഗ്വാഡലഹാരയിൽ വ്യാഴാഴ്ച നടക്കുന്ന മത്സരത്തിന് മുൻപുള്ള തയ്യാറെടുപ്പിനിടെയാണ് സംഭവം ഉണ്ടായത്. പരിശീലനത്തിനിടെ ആകാശത്ത് ഒരു ഡ്രോൺ കണ്ടതായി അദ്ദേഹം വ്യക്തമാക്കി. “ഞങ്ങൾ ടാക്റ്റിക്കൽ പരിശീലനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഡ്രോൺ ശ്രദ്ധയിൽപ്പെട്ടത്. അതുകൊണ്ട് കുഴപ്പമുണ്ടായില്ല. എന്നാൽ മത്സരത്തിനുള്ള തയ്യാറെടുപ്പിലെ ഏറ്റവും പ്രധാന സമയത്ത് ഇത്തരം സംഭവം സംഭവിച്ചത് ദൗർഭാഗ്യകരമാണ്,” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംഭവം ചാരപ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കാമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ചില റിപ്പോർട്ടുകൾ പ്രകാരം, ഡ്രോൺ മെക്സിക്കോ സൈന്യം തകർത്തതായി പറയപ്പെടുന്നു. എന്നാൽ മെക്സിക്കോ ഫെഡറൽ അധികാരികൾ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.
ഗ്രൂപ്പ് എയിൽ ഉൾപ്പെട്ടിരിക്കുന്ന സൗത്ത് കൊറിയയ്ക്കും മെക്സിക്കോയ്ക്കും ഇടയിലെ ഈ മത്സരം നിർണായകമാണ്. ഈ മത്സരത്തിൽ ജയിക്കുന്ന ടീം നോക്ക്ഔട്ട് ഘട്ടത്തിലേക്ക് കടക്കാനുള്ള സാധ്യത ശക്തമാക്കും. ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്കയും ചെക്കിയയും ഉൾപ്പെടുന്നു.
മെക്സിക്കോ അവരുടെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 2-0 ന് തോൽപ്പിച്ചിരുന്നു. അതേസമയം ദക്ഷിണ കൊറിയ ചെക്കിയക്കെതിരെ 2-1 ന് തിരിച്ചടിച്ച് വിജയിച്ചു. മത്സരത്തിൽ ഹോം ഗ്രൗണ്ടിലെ ആനുകൂല്യം മെക്സിക്കോയ്ക്ക് ഉണ്ടാകും, അവരുടെ മിഡ്ഫീൽഡ് വളരെ മികച്ചതാണെന്നും കാണികളുടെ പിന്തുണയും അവർക്കുണ്ട്. എന്നാൽ നമ്മുടെ താരങ്ങൾ ഇത്തരം സമ്മർദ്ദ മത്സരങ്ങളിൽ പരിചയമുള്ളവരാണ്. മത്സരത്തിന്റെ ഗതി നിയന്ത്രിക്കാൻ ഞങ്ങൾ ശ്രമിക്കും- ഹോംഗ് പറഞ്ഞു.
















































