മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാകണമെന്ന പരിഹാസവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെ. ഡൽഹിയിൽ നിന്ന് മഹാരാഷ്ട്രയിലെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ മോദി മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അതിനാൽ പ്രധാനമന്ത്രി പദവി മറ്റൊരാൾക്ക് കൈമാറണമെന്നും ദീപ്കെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുന്നതിനിടെയായിരുന്നു ദീപ്കെയുടെ പ്രതികരണം.
“പ്രധാനമന്ത്രി ഒരു ഇൻഫ്ലുവൻസറാകണം.അതിനുള്ള എല്ലാ കഴിവും അദ്ദേഹത്തിനുണ്ടെന്ന് തെളിയിച്ചു കഴിഞ്ഞല്ലോ? ആ ജോലി അദ്ദേഹം നന്നായി ചെയ്യുന്നുണ്ട്. അതിന് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറി മറ്റൊരു നേതാവിന് ആ ചുമതല നൽകണം,” ദീപ്കെ പറഞ്ഞു.
ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്തവരെ വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുകൾ ഇപ്പോഴും വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. സിജെപി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ നടപടികൾ അവസാനിപ്പിക്കണമെന്നും, അല്ലാത്തപക്ഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ യുവജനങ്ങൾ മറുപടി നൽകുമെന്നും ദീപ്കെ മുന്നറിയിപ്പ് നൽകി.
ധർമേന്ദ്ര പ്രധാൻ രാജിവെച്ചതുകൊണ്ട് മാത്രം പ്രതിഷേധക്കാരുടെയും പൊതുജനങ്ങളുടെയും പ്രതിഷേധം അവസാനിച്ചിട്ടില്ലെന്നും, ജനരോഷം സർക്കാരിനെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങളുടെ വികാരം മനസിലാക്കുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടുവെന്നും, വിദ്യാർഥികളെ ലക്ഷ്യമിട്ട് നടപടികൾ തുടർന്നാൽ വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്നും ദീപ്കെ വ്യക്തമാക്കി. “ഈ വിദ്യാർഥികളാരും തീവ്രവാദികളല്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















































