മാനന്തവാടി (വയനാട്): യുവതിയെ ബലമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാവിലുംപാറ കുനിയിൽ വീട്ടിൽ കെ.സി. മനോജ് (49), കൊട്ടിയൂർ നെടുമ്പാറ വീട്ടിൽ എൻ.ജി. ബിന്ദു (43) എന്നിവരാണ് പിടിയിലായത്. കേസിൽ ഒത്താശ ചെയ്തെന്ന ആരോപണത്തിൽ യുവതിയുടെ ഭർതൃമാതാവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഈ വർഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിന്ദുവിന്റെ അമ്മയെ പരിചരിക്കാനാണെന്ന് പറഞ്ഞാണ് യുവതിയെ ഭർതൃമാതാവ് ബിന്ദു വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെത്തിച്ചത്. തുടർന്ന് അവിടെയുണ്ടായിരുന്ന മനോജ് മുറിയിലേക്ക് അതിക്രമിച്ച് കയറി യുവതിയെ ബലമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിന് ബിന്ദു ഒത്താശ ചെയ്തതായും, ഇതിനായി മനോജിൽ നിന്ന് പണം കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. സംഭവം പുറത്തറിയിച്ചാൽ കുടുംബം തകർക്കുമെന്നും സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് യുവതിയെ പ്രതികൾ മൗനം പാലിക്കാൻ നിർബന്ധിച്ചതെന്നും പോലീസ് വ്യക്തമാക്കി.
കേസിൽ നേരത്തെ അറസ്റ്റിലായ ഭർതൃമാതാവിന്റെ മൊഴിയുടെയും തുടർ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് മനോജിനെയും ബിന്ദുവിനെയും അറസ്റ്റ് ചെയ്തത്. മാനന്തവാടി ഡിവൈ.എസ്.പി വി. ലതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


















































