പാലാ: മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് മാണി സി. കാപ്പൻ. മന്ത്രിസ്ഥാനം ലഭിക്കുകയാണെങ്കിൽ അത് അഞ്ച് വർഷം മുഴുവൻ വേണമെന്നും, രണ്ടര വർഷം വീതം പങ്കിടുന്ന ടേം വ്യവസ്ഥ തനിക്ക് സ്വീകാര്യമല്ലെന്നും കാപ്പൻ വ്യക്തമാക്കി. പാലാ നിയോജക മണ്ഡലത്തിന് വലിയൊരു സമ്മാനം നൽകുമെന്ന് മുൻപ് ഉറപ്പുനൽകിയ കോൺഗ്രസ് നേതാക്കൾ അവരുടെ വാക്ക് പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഷപ്പ് ഹൗസിലെ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനൂപ് ജേക്കബ്ബുമായി രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന മുന്നണിയുടെ നിർദേശം അംഗീകരിക്കാൻ താൻ തയ്യാറല്ലെന്ന് കാപ്പൻ വ്യക്തമാക്കി. ഇതുസംബന്ധിച്ച വിയോജിപ്പ് നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽവി.ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ നടന്ന കൺവെൻഷനിൽ “മാണി സി. കാപ്പൻ തിരികെ വരുന്നത് കൊടിവെച്ച വണ്ടിയിലായിരിക്കും” എന്ന് സതീശൻ പറഞ്ഞിരുന്നുവെന്നും, പാലായ്ക്ക് വലിയൊരു സമ്മാനം നൽകുമെന്ന് ചെന്നിത്തല ഉറപ്പുനൽകിയിരുന്നുവെന്നും കാപ്പൻ പറഞ്ഞു.
അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന്, അത് സമയമാകുമ്പോൾ ആലോചിച്ച് തീരുമാനിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താനൊരു അന്താരാഷ്ട്ര വോളിബോൾ താരമായിരുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ട്, ആറുപേർ കളിക്കുന്ന ടീമിൽ നിന്ന് ഒരാളെ മാറ്റിനിർത്തി മുന്നോട്ട് പോകാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. “ടീം യുഡിഎഫ് എന്നല്ലേ പറയുന്നത്? പിന്നെ ഞാൻ ആ ടീമിൽ ഇല്ലേയെന്ന്” അദ്ദേഹം ചോദിച്ചു.
മന്ത്രിയാകുന്ന കാര്യത്തിൽ അന്തിമ തീരുമാനം വന്നശേഷം മാത്രമേ ഏത് വകുപ്പ് വേണമെന്ന് ആലോചിക്കൂവെന്നും, ജേസ് കെ. മാണിiയെ പരാജയപ്പെടുത്തി വിജയിച്ച എംഎൽഎ എന്ന നിലയിൽ തനിക്ക് അർഹമായ പരിഗണന വേണമെന്നും കാപ്പൻ വ്യക്തമാക്കി.
നിലവിൽ മാണി സി. കാപ്പനും അനൂപ് ജേക്കബ്ബിനും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാനാണ് യുഡിഎഫിലെ ആലോചന.


















































